Friday, June 3, 2011

fitzcarraldo


ഹെർസോഗ്,

ഫിറ്റ്സ്കറാൾഡോ, സിനിമ എന്ന സാഹസികയാത്ര

“One loves ultimately one’s desires; not the thing desired”

Nietzsche, Beyond Good and Evil

സിനിമ എന്ന മാധ്യമത്തിന്റെ ഏറ്റവും ആദിമവും പ്രാഥമികവുമായ ധർമ്മം അല്ലെങ്കിൽ സവിശേഷത ആണ് ഹെർസോഗിനെ അതിലേക്ക് ആകർഷിക്കുന്നത്. കാഴ്ച്ച എന്ന കർമ്മം തന്നെയാണ് ഏറ്റവും പ്രധാനം അതുതന്നെയാണ് അനുഭവം, സത്യം, ആഖ്യാനം, അല്ലാതെ അതിനു പിന്നിലോ ഉള്ളിലോ ഒളിഞ്ഞും മറഞ്ഞും നിക്ഷേപിക്കപ്പെടുന്ന ഗൂഢാർഥങ്ങളിൽ ഹെർസോഗിനു താല്പര്യമില്ല. സിനിമയിലെ ദൃശ്യങ്ങൾ കാഴ്ച്ചക്കാരന്റെ ഉപബോധമനസ്സുമായി നേരിട്ട് സംവദിക്കുന്ന ഒന്നായതിനാൽ അതിന് മറ്റ് ഇടനിലക്കാരുടെ ആവശ്യമില്ല.കാഴ്ച്ചക്കാരുമായുള്ള മുഖാമുഖമാണ് അതിന്റെ കാതൽ. അത് നിങ്ങളുടെ ഉള്ളിൽ അതുവരെ ഉറങ്ങിക്കിടന്നിരുന്ന ഒരു ചങ്ങാതിയെ ഉണർത്തുന്നതുപോലെയാണ് എന്നു ഹെർസോഗ് പറയുന്നു. [1].

ഹെർസോഗിന്റെ ചിത്രങ്ങൾ നിരന്തരം പിന്തുടരുന്ന പ്രമേയങ്ങളാണ് അധികാരവും അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ രൂപ-പ്രയോഗങ്ങളും. അവയെ ഒരു ശാസ്ത്രജ്ഞനെപോലെ നിർമ്മമതയോടെ നിരീക്ഷിക്കുകയാണ് ഹെർസോഗ് ചിത്രങ്ങൾ ചെയ്യുന്നത്. പലപ്പോഴും അത് ഒരു വ്യക്തിയുടെ അതിമാനുഷികതയുടെകൂടി പ്രകാശനമായി പ്രത്യക്ഷപ്പെടാറുണ്ട്. ഭൌതികവും വൈകാരികവും മാനസികവുമായ എല്ലാത്തരം പരിധികളെയും പരിമിതികളെയും ഉല്ലംഘിക്കുന്ന ചില മനുഷ്യരെക്കുറിച്ചുള്ളതാണ് അത്തരം ആഖ്യാനങ്ങൾ. ‘അസാദ്ധ്യത’യുമായുള്ള അവരുടെ പലതരത്തിലുള്ള ഉരസലുകളും അഭിനിവേശങ്ങളുമാണ് അവരെ മോഹിപ്പിക്കുന്നതും, വിചിത്രമെന്നു തോന്നാവുന്ന പലതരം അന്വേഷണങ്ങളിലേക്ക് തള്ളുന്നതും.



‘മനുഷ്യൻ’ ‘മാനുഷികം’ എന്നിവ ആത്യന്തികമായ അർഥത്തിൽ എന്താണ് എന്നതിനെക്കുറിച്ചുള്ള അന്വേഷണമായി ഹെർസോഗ് ചിത്രങ്ങളെ കാണാം, അസാധാരണതീക്ഷ്ണങ്ങളായ സന്ദർഭങ്ങളിലേക്കും അവസ്ഥകളിലേക്കും എത്തിക്കുന്നത് അതിലെ കഥാപാത്രങ്ങളെ മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള അബോധത്വരകളാണ്. അവിടെ കഥാപാത്രത്തിന്, ഒരു സാധാരണ ജീവിതം/സംസ്ക്കാരം/നാഗരികത തുടങ്ങിയ യാതൊരുവിധ സൌകര്യങ്ങളോ അവയുടെ ഇടപെടലുകളോ ഇല്ല. അവിടെ അയാൾക്ക് (പുരുഷന്മാർ തന്നെയാണ് മിക്കവാറുമെല്ലാ ഹെർസോഗ് ആഖ്യാനങ്ങളിലും കേന്ദ്രസ്ഥാനത്തുള്ളത്) താനല്ലാതെ പുറത്തുള്ള മറ്റ് ആശ്രയങ്ങളൊന്നുമില്ല. തികച്ചും elemental എന്നോ അടിസ്ഥാനപരമെന്നോ വിശേഷിപ്പിക്കാവുന്ന ചില അവസ്ഥകളിലാണ് അവർ സ്വയം ചെന്നെത്തിപ്പെടുകയോ (അഗ്വിറേ, ഫിറ്റ്സ്കറാൾഡോ) കണ്ടെത്തുകയോ (കാസ്പർ ഹോസർ, സ്ട്രോസെക്, വൊയ്സെക്, ലാന്റ് ഓഫ് സൈലൻസ് ആന്റ് ഡാർക്നെസിലെ അന്ധയും ബധിരയുമായ ഫിനി എന്ന സ്ത്രീ സൈൻസ് ഓഫ് ലൈഫിലെ പട്ടാളക്കാരൻ, ഹാർട്ട് ഓഫ് ഗ്ലാസിലെ പട്ടണവാസികൾ..) ചെയ്യുന്നത്. ആ പരിപൂർണ്ണമായ ഏകാന്തതയിൽ/പ്രാഥമികതയിൽ (നില)നിന്നുകൊണ്ട്, തന്നെ ചൂഴുന്നുനിൽക്കുന്ന മഹാ-അപരവുമായുള്ള നായകന്മാരുടെ മുഖാമുഖങ്ങളാണ് ഹെർസോഗ് ആഖ്യാനങ്ങൾ. അയാൾ നേരിടുന്ന ഈ ‘അപരം’ അജ്ഞേയമായ പ്രകൃതിയോ, അന്യവൽക്കരിക്കപ്പെട്ട സംസ്കൃതിയോ, നീതിരഹിതമായ സാമൂഹ്യവ്യവസ്ഥയോ ആകാം. അതിനെ തന്റെ ഏകത/ഏകാന്തത കൊണ്ട് നേരിടുക എന്നതാണ് അവരുടെ ജീവിതം/സംഘർഷം. ഈ കഥാപാത്രങ്ങൾ മറ്റെന്തിന്റെയെങ്കിലും വലിച്ചുനീട്ടലോ പ്രതീകമോ പ്രതിനിധാനങ്ങളോ അല്ല; അവരുടെ ചെയ്തികളെ മന:ശാസ്ത്രപരമായ പശ്ചാത്തലനിർമ്മിതികളിലൂടെയോ, സാമൂഹ്യഘടകങ്ങളുടെ സ്വാധീനത്തിലൂടെയോ ഒന്നും വിശദീ‘കരിച്ചു‘തള്ളാൻ‘ ഹെർസോഗ് ഒരിക്കലും തുനിയുന്നുമില്ല. കാഴ്ചയുടെ ശുദ്ധിയോ നിഷ്ക്കളങ്കതയോ ആണ് ഒരുപക്ഷെ ഹെർസോഗ് തന്റെ ചിത്രങ്ങളിലൂടെ തേടുന്നത്. ഭൂദൃശ്യങ്ങളും മനുഷ്യരും ഭൂമിയിലെ വിവിധങ്ങളായ ജീവജാലങ്ങളും ഹെർസോഗിന്റെ ആദിമമായ കാഴ്ചയ്ക്ക് വിധേയമാകുന്നു.[2] .അവയുടെ അകത്തേക്ക് കടന്ന് പരിശോധിക്കുകയും വിശകലനം ചെയ്യുകയും അല്ല ഹെർസോഗിന്റെ താല്പര്യം, മറിച്ച് അവയെ അവയുടെ ഏകാന്തസമഗ്രതയിൽ, സ്വാഭാവികമായ അഗ്രാഹ്യതയിൽ, മനുഷ്യന്/കാഴ്ചക്ക് നേർക്കുനേർ നിർത്തുക എന്നതാണ്.

ഒരർഥത്തിൽ അത്തരത്തിലുള്ള ഒരുതരം ‘ചരിത്രമുക്തത‘ ഹെർസോഗ് കെട്ടിമറിയുന്ന ചില ചരിത്രാതീതമായ സമസ്യകളെ പരിശോധിക്കാനുള്ള ഉപാധികളായിത്തീരുന്നതു കാണാം. ഹെർസോഗിന്റെ തന്നെ വാക്കുകളിൽ “എന്റെ കഥാപാത്രങ്ങൾ നിഴലുകളില്ലാത്തവരാണ്. അവർക്ക് ഒരു ഭൂതകാലമില്ല, ഉണ്ടെങ്കിൽ തന്നെ അതു പ്രസക്തവുമല്ല. അവർ അന്ധകാരത്തിൽ നിന്നുവരുന്നവരായതിനാൽ അവർക്ക് നിഴലുകളില്ല. വെളിച്ചം എന്നത് എപ്പോഴും അവരെ നോവിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ എന്റെ കഥാപാത്രങ്ങൾ തത്സമയം അവിടെയുണ്ട് എന്നുമാത്രം, പിന്നെയവർ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു. അവരുടെ ചെയ്തികൾ, എന്തുകൊണ്ടോ, അവർക്കുതന്നെ പിടിനൽകാത്തവയാണ് എന്നുവേണം കരുതാൻ.”

ദൃശ്യബിംബവുമായുള്ള ഹെർസോഗിന്റെ സവിശേഷമായ ബന്ധത്തെക്കുറിച്ച് ഫിലിപ്പ് കോൾക്കറുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്: “Of all major contemporary European filmmakers, Herzog is most willing to allow his images to stand uninterrogated; to allow them, and the carefully selected music he insinuates under them, to generate amazement, promote reverie, and frustrate analysis. His films, like his characters, are without shadows.. His images are astounding, but his discourse is attenuating. The films are more incantations than narratives.” (The Altering Eye)

ഈ മനപൂർവ്വമായുള്ള ‘വിശദീകരണക്ഷമതയില്ലായ്മ‘ – ഒരു ‘കാര്യ’ത്തെ മറ്റെന്തെങ്കിലും ‘കാരണ’ത്തിലേക്ക് ആഗിരണം ചെയ്ത് അവസാനിപ്പിക്കാനുള്ള വിസമ്മതം – ഒരുപക്ഷെ ഈ ശാഠ്യമായിരിക്കും ഹെർസോഗ് കഥാപാത്രങ്ങളെ നമുക്ക് ശുദ്ധമായ നൈതികസമസ്യകളായി അനുഭവിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതാണ് ഹെർസോഗ് ആഖ്യാനങ്ങൾ അപായകരമായ രീതിയിൽ നമുക്കുമുന്നിൽ തുറന്നിടുന്ന തികച്ചും ഭൌതികമായ അതിഭൌതികത. (“to reveal a metaphysical element in life or art without becoming a reactionary is one of the challenges of the day” Amos Vogel on Herzog films)

2

Few other filmmakers have so silently and gently explored the abysses of ecstasy and darkness; few have observed, from such an inscrutable, Olympian remove, the ludicrous and grotesque minutiae of life. .. through the eye of Herzog's lens the world is transfixed, rendered hopelessly, exquisitely weightless, ultimately diffusing beyond grasp the solid structures within which tragedy or satire can take root.

- Alkan Chipperfield

മനുഷ്യനിലോ മാനുഷികതയിലോ, അവയ്ക്കകത്തെ സംഘർഷങ്ങളിലോ അല്ല, മറിച്ച് നന്മ-തിന്മകൾക്കപ്പുറം, മനുഷ്യന്റെയും മാനുഷികതയുടെയും അതിരുകളിലാണ് ഹെർസോഗിനു താല്പര്യം. അതുകൊണ്ടുതന്നെ സാധാരണവും സാധ്യവുമായ കാര്യങ്ങൾ ഹെർസോഗ് നായകരെ പ്രചോദിപ്പിക്കുന്നില്ല. അവർ തേടുന്നത് (അവരെ തേടുന്നതും) അസാധ്യതകളാണ്, പലപ്പോഴും അത് അവർ നേടുന്നതേയില്ലതാനും; ഫിറ്റ്സ്കറാശ്ഡോ ആയാലും അഗ്വിറേ ആയാലും അവരുടെ അന്വേഷണം ആ അർത്ഥത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നില്ല. എങ്കിലും ആ ഭ്രാന്തൻ സ്വപ്നമില്ലാതെ അവർക്ക് ജീവിക്കാനുമാവില്ല; അതുതേടിയുള്ള യാത്രതന്നെയാണ് അവരുടെ ജീവിതലക്ഷ്യം.

അങ്ങിനെ നോക്കുമ്പോൾ സിനിമയുടെ തന്നെ അതിരുകളിലാണ് ഹെർസോഗും സിനിമകളും പ്രവർത്തിക്കുന്നത് എന്നു പറയാവുന്നതാണ്. സ്വാഭാവികതയിലോ യാഥാതഥ്യത്തിലോ അല്ല അവയ്ക്ക് താല്പര്യം. പിടികിട്ടായ്മയാണ് അവരുടെ ത്വരകം. പറച്ചിലിൽനിന്ന് നിശബ്ദതയിലേക്കും കാഴ്ച്ചയിൽനിന്ന് അഗോചരത്തിലേക്കും ചലനത്തിൽനിന്ന് നിശ്ചലതയിലേക്കുമാണ് അവ സഞ്ചരിക്കുന്നത്. കാഴ്ച്ചശക്തിയില്ലാത്തവരെക്കുറിച്ച് ഹെർസോഗ് ചെയ്ത ഒരു ചിത്രത്തിൽ അന്ധനായ ഒരാൾ ഒരു വൃക്ഷത്തെ തൊട്ടറിയുന്ന രംഗമുണ്ട്. ഇലയും മറ്റും തൊട്ടുനോക്കിയതിനു ശേഷം അയാൾ വൃക്ഷത്തിന്റെ തടിയുടെ താഴെനിന്നു മുകളിലേക്ക് സ്പർശിച്ച് അതിനെ അറിയാൻ ശ്രമിക്കുന്നു, അയാളുടെ കൈയ്യെത്തുന്ന ഉയരം വരെ അയാളുടെ നീക്കത്തെ പിന്തുടർന്നതിനുശേഷം, ക്യാമറ പിന്നെയും അതിന്റെ മുകളിലേക്കുള്ള ചലനം തുടരുന്നു - ക്രമേണ ആ വന്മരത്തിന്റെ ഗംഭീരമായ ഉയർച്ചയും പടർപ്പും പകർത്തിക്കൊണ്ട്.. ഈ ദൃശ്യം കാഴ്ച്ചയില്ലാത്തവന്റെ പരിധിയെയും പരിമിതിയെയും കാഴ്ച്ചയുള്ളവർക്കായി ദൃശ്യവൽക്കരിക്കുന്നതിനൊപ്പംതന്നെ അറിവിൽനിന്നും അറിയാവുന്നതിന്നുമപ്പുറമുള്ളതിലേക്കുള്ള ഒരു ഹെർസോഗിയൻ സഞ്ചാരം കൂടിയായി മാറുന്നു. ഇത്തരം പലതരം അതിർത്തിലംഘനങ്ങളാണ് ഹെർസോഗ് സിനിമകൾ: ഭാഷയ്ക്കും സംസ്ക്കാരത്തിനും പുറത്തു ജീവിക്കുന്ന ഒരാൾ അതിനകത്തേക്ക് പ്രവേശിക്കുമ്പോൾ എന്തുസംഭവിക്കുന്നു? മറ്റൊരാളുടെ മേൽ പരമാധികാരം ലഭിക്കുമ്പോൾ ഒരാൾ ഏതതിർത്തിവരെ അതുപയോഗിക്കും? വാഗ്ദത്തഭൂമിക്കായി ഒരാൾ എതുവരെ, ഏതറ്റം വരെ ശ്രമിക്കും? അന്ധയും ബ്ധിരയുമായ ഒരാൾ എങ്ങിനെ ആ അവസ്ഥയുമായി പൊരുത്തപ്പെടുന്നു? തുടങ്ങിയ അനവധി ചോദ്യങ്ങൾ ഇവിടെ ഉയർന്നുവരുന്നു..

സ്വന്തം ജീവിതത്തിൽ തന്നെ ഹെർസോഗ് ഇത്തരം അതിരുകടന്ന പല പ്രവൃത്തികളിലും ഏർപ്പെട്ടിട്ടുള്ളതായി കാണാം: സിനിമ നിർമ്മിക്കാനായി ഏറ്റവും ദുർഗ്ഗമവും അപകടകരവുമായ ലൊക്കേഷനുകൾ തിരഞ്ഞെടുക്കുക, മരണക്കിടക്കയിൽ കിടക്കുന്ന ജർമ്മൻ സിനിമയുടെ കാരണവത്തിയായ ലോട്ട് എത്സ്നറെ കാണാനായി ഒരു വ്രതം പോലെ പാരീസിൽനിന്ന് മ്യൂണിക്ക് വരെ മഞ്ഞിൽകൂടി കാൽനടയായി സഞ്ചരിക്കുക; സംവിധായകനാകാൻ ആഗ്രഹിക്കുന്ന തന്റെ യുവസുഹൃത്ത് ഒരു ചിത്രം നിർമ്മിക്കുകയാണെങ്കിൽ താൻ തന്റെ ഷൂസ് തിന്നാം എന്നു വാതുവെയ്ക്കുകയും, അത് അക്ഷരാർത്ഥത്തിൽ പാലിക്കുകയും ചെയ്യുക, സ്വന്തം ജീവൻ അപകടത്തിലാക്കിക്കൊണ്ട് അഭിനയിക്കാൻ മടികാണിച്ച ക്ലൌസ് കിൻസ്കി എന്ന തനിക്കേറ്റവും പ്രിയങ്കരനായ നടനു നേരെ തോക്കുചൂണ്ടുക.. അങ്ങിനെ പലതും..

3

സിനിമയ്ക്കുമാത്രം സാധ്യമാകുന്ന തികച്ചും ഭൌതികവും ശാരീരികവുമായ ഈ മായികതയായിരിക്കും ഹെർസോഗ് എന്ന ചലച്ചിത്രകാരനെ വ്യത്യസ്തനാക്കുന്നതും, സിനിമയെ ബൌദ്ധികമായി മാത്രം സമീപിക്കുന്നവരെ പ്രകോപിപ്പിക്കുന്നതും. :It is the moving image per se that is the message in these kinds of films, the way that the film simply moves on the screen without asking you questions. I love this kind of cinema. It does not have the falseness and phoniness of films that try so hard to pass on a heavy idea to the audience or have the fake emotions of most Hollywood films.. Someone like Jean-luc Godard is for me intellectual counterfeit money when compared to a good kung fu film Film is not analysis, it is the agitation of the mind; cinema comes from the country fair and the circus, not from art and academicism. (Herzog on Herzog)

ശരീരത്തിൽ നിന്നും ഭൌതികതയിൽനിന്നും വിട്ടുനിൽക്കുന്നരീതിയിലുള്ള ബുദ്ധിപരതയോടുള്ള വൈമുഖ്യവും, അതിമാനുഷനെക്കുറിച്ചുള്ള പ്രമേയപരമായ താല്പര്യവുമാകാം പലപ്പോഴും ഹെർസോഗിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് വഴിവെച്ചിട്ടുള്ളത്. പ്രകടമായ രാഷ്ട്രീയസന്ദേശങ്ങൾ തന്റെ സിനിമകളിൽ നിന്ന് ഒഴിവാക്കുകയും എന്നാൽ ഒരുപക്ഷെ അധികാരത്തെക്കുറിച്ച് ഇത്രയും തീക്ഷ്ണവും നിരന്തരവുമായി തന്റെ ചിത്രങ്ങളിൽ പരിശോധിക്കുകയും ചെയ്ത മറ്റൊരു ചലച്ചിത്രകാരൻ ഉണ്ടാവാനിടയില്ല. ഹെർസോഗ് തന്നെ പറയുന്നതുപോലെ അദ്ദേഹത്തിന്റെ പ്രമേയങ്ങളും ബേജാറുകളും അത്തരം രേഖീയമായ ചട്ടക്കൂടുകൾക്കോ ഘടനകൾക്കോ ഒരിക്കലും വഴങ്ങുന്നതുമല്ല: “nightmares and dreams do not follow the rules of political correctness”.

4

ഫിറ്റ്സ്കറാൾഡോ എന്ന ചിത്രത്തിൽ ആമസോൺ കാടുകളുടെ ഇടയിലൂടെ സഞ്ചരിക്കുമ്പോൾ ആ വനങ്ങളിൽ ജീവിക്കുന്ന ആദിമ‘ഇന്ത്യ’ക്കാരെക്കുറിച്ചുള്ള ഭയം കപ്പലിലുള്ളവർക്കിടയിൽ പടരുന്ന ഒരു രംഗമുണ്ട്. അജ്ഞേയതയുമായുള്ള ഒരു മുഖാമുഖമാണത്. പുറത്ത് എന്താണ് എന്നോ, അവരെങ്ങിനെ പ്രതികരിക്കും എന്നോ അറിയില്ല, ആകെയുള്ളത് അവരെക്കുറിച്ചുള്ള ചില കെട്ടുകഥകളും ഐതിഹ്യങ്ങളും മാത്രമാണ്. മരണഭീതിയിൽ എല്ലാവരും മടിച്ചും ഒളിച്ചും നിൽക്കുമ്പോൾ ഫിറ്റ്സ്കറാൾഡോ ആ അജ്ഞേയതയെ നേരിടാൻ തന്നെ തീരുമാനിക്കുന്നു – മറ്റൊരു അജ്ഞേയശക്തികൊണ്ട്: അയാൾ തന്റെ റെക്കോർഡ് പ്ലേയർ കപ്പലിന്റെ ഡെക്കിൽ എടുത്തുവെച്ചുകൊണ്ട് കരൂസോയുടെ സംഗീതം ആ നിബിഡവനത്തിലേക്ക് പ്രക്ഷേപണം ചെയ്യുന്നു. ജ്ഞാനത്തിനും വിവരത്തിനും പിടിതരാത്ത അവയ്ക്കപ്പുറമുള്ള രണ്ട് പ്രതിഭാസങ്ങൾ തമ്മിലുള്ള ഒരു മുഖാമുഖമാണത്. അതുപോലെ മറ്റൊരു സന്ദർഭത്തിൽ ആ കപ്പൽ ഒരുപുഴയിൽ നിന്ന് മറ്റൊന്നിലേക്ക മലയ്ക്കുമുകളിലൂടെ വലിച്ചു കയറ്റുമ്പോഴുള്ള ദുർഘടഘട്ടത്തിലും കരൂസോയുടെ സംഗീതത്തെ തന്നെയാണ് ഫിറ്റ്സ്കറാൾഡോ ആശ്രയിക്കുന്നത്. ഒരർത്ഥത്തിൽ തന്റെ ലക്ഷ്യത്തെയോ തന്നെത്തന്നെയോ ആണ് അയാൾ ആ അജ്ഞേയതയിലും അസാധ്യതയിലും നേരിടുന്നത്.

യഥാർഥത്തിൽ ഫിറ്റ്സ്കറാൾഡോ എന്ന മനുഷ്യന് എന്താണ് വേണ്ടത്? എന്തിനായാണ് ഈ കഷ്ടപ്പാടുകളെല്ലാം അയാൾ സഹിക്കുന്നത്?സംഗീതം? നിബിഡവനത്തിൽ ഒരു ഓപ്പറ വേദി?  അയാൾ തന്നെ ഒരിടത്തു പറയുന്നുണ്ട്: “I'm doing all this because I have one dream the opera. The Great Opera in the Jungle! Fitzcarraldo will build it and Caruso will sing at the premiere. It's only the dreamers who ever move mountains“. പണവും പ്രശസ്തിയും ഭൌതികസൌകര്യങ്ങളുമെല്ലാം അയാൾക്ക് അതിനുള്ള മാർഗ്ഗങ്ങൾ മാത്രമാണ്. പണത്തോടുള്ള ഫിറ്റ്സ്കറാൾഡോയുടെ സമീപനം വളരെ കണിശമാണ്: I just can't stand the sight of dandies who think money can buy everything.
 
അതുകൊണ്ടുതന്നെ അയാൾക്ക് അവിടെ സമ്പത്ത് ലക്ഷ്യമാക്കിയെത്തിച്ചേർന്നിട്ടുള്ള യൂറോപ്യൻ മുതലാളിമാരുടെ ജീവിതത്തോടും കാഴ്ച്ചപ്പാടുകളോടും പൊരുത്തപ്പെടാനുമാവുന്നില്ല. അവർ സമ്പന്നത നൽകുന്ന ദൂർത്തുകളിലും സുഖസൌകര്യങ്ങളിലും മുഴുകുമ്പോൾ ഫിറ്റ്സ്കറാൾഡോയ്ക്ക് അതിലൊന്നും താല്പര്യമേയില്ല. അയാളെയും അയാളുടെ ഭ്രാന്തൻ സ്വപ്നങ്ങളെക്കുറിച്ചും അവർക്കു  പുഛമാണ്. അവർ അയാളെ വിളിക്കുന്നതുതന്നെ ‘പ്രയോജനശൂന്യമായവയുടെ സാഹസികൻ’ (the conquistador of the useless) എന്നാണ്. ആദ്യം അയാൾ ആ നിബിഡവനാന്തരങ്ങളിലൂടെ ഒരു തീവണ്ടിപ്പാത നിർമ്മിക്കാൻ ശ്രമിക്കുന്നു; അതു പകുതിയിലുപേക്ഷിച്ചതിനുശേഷം അയാളുടെ ശ്രമം അവിടെ ഒരു ഐസ് ഫാക്ടറി തുടങ്ങാനാണ്. ഇത്തരം പ്രയോജനരഹിതമായ പ്രതിബദ്ധതകളാണ് അയാളെ മുന്നോട്ടുനയിക്കുന്നത്. 
 
മറ്റുള്ളവർ കാണാത്തത് അയാൾ  കാണുന്നു. ഉദാഹരണത്തിന്, ആ പ്രദേശത്തിന്റെ ഭൂപടം കാണുമ്പോൾ അയാളുടെ കണ്ണുപതിയുന്നത് രണ്ടുപുഴകൾ തമ്മിൽ വളരെ അടുത്തൊഴുകുന്ന മെലിഞ്ഞ ഭൂഭാഗത്തിലാണ്. ആരും കാണാത്ത ആ കാഴ്ച്ച അയാളെ മറ്റൊരു സ്വപ്നത്തിലേക്ക് നയിക്കുന്നു. ആ മെലിഞ്ഞ ഭാഗത്തിലൂടെ ഒരു കപ്പൽ അപ്പുറത്തേക്ക് കടത്തിയാൽ അതു വഴി അതിനപ്പുറത്തെ ഭൂപ്രദേശത്തെ റബ്ബർ വിപണിയിലെത്തിക്കാനും അതുവഴി സമ്പത്താർജ്ജിക്കാനാകുമെന്നും അയാൾ സ്വപ്നം കാണുന്നു. സംഗീതം > കരൂസോ എന്ന പാട്ടുകാരൻ > ആമസോണിൽ ഒരു ഓപ്പറ വേദി > അതിനുള്ള പണം > അതുവരെ എത്തിപ്പെടാനാവാത്ത  ഭൂപ്രദേശത്തെ റബ്ബർ > അതുവിറ്റുണ്ടാകുന്ന പണം > ഓപ്പറവേദി പണിയൽ > അതിന്റെ ഉദ്ഘാടനവേളയിൽ കരൂസോയെക്കൊണ്ട് പാട്ടുപാടിക്കൽ > തനിക്കു പ്രിയപ്പെട്ട സംഗീതം ഇങ്ങിനെ വളരെ ഘട്ടങ്ങളിലൂടെ കടന്ന്, അനവധി കടമ്പകൾ കടക്കേണ്ട, ഒരു സ്വപ്നപദ്ധതിയാണ്. 
 
ചിത്രത്തിന്റെ അവസാനരംഗത്തിൽ വിഫലമെന്നു കരുതപ്പെടാവുന്ന തന്റെ ശ്രമത്തെ ഫിറ്റ്സ്കറാൾഡോ വിശദീകരിക്കുന്നത് ഒരു കഥയിലൂടെയാണ്. ആദ്യമായി നയാഗ്ര വെള്ളച്ചാട്ടം കണ്ട ഒരാൾ ആ അനുഭവത്തെ വിവരിക്കുമ്പോൾ ആൾക്കാർ അയാളിൽനിന്ന് അതിനുള്ള തെളിവ് ആവശ്യപ്പെടുന്നു. അപ്പോൾ ആ മനുഷ്യൻ പറയുന്നു: അതിന്റെ തെളിവ് ഞാൻ കണ്ടു എന്നതുതന്നെയാണ് എന്ന്. ഒരിക്കലും നിഷേധിക്കാനാവാത്ത, ഇല്ലാതാക്കാനാവാത്ത, ആ ‘സത്യം‘ മാത്രമാണ് ഫിറ്റ്സ്കറാൾഡോയെ ഇത്തരം സാഹസങ്ങൾക്ക് പ്രേരിപ്പിക്കുന്നത്, അല്ലാതെ അതിന്റെ ഫലമോ അതുമൂലമുണ്ടായേക്കാവുന്ന സമ്പത്തോ സൌകര്യങ്ങളോ അല്ല.
 
തികച്ചും പ്രയോജനവാദപരവും ഫലബദ്ധവുമായ (ലാഭം, യശസ്സ്, ഉല്പാദനം, കാര്യക്ഷമത) വ്യവസ്ഥകളെയും വിശ്വാസപ്രമാണങ്ങളെയുമാണ് ഹെർസോഗ് ഇവിടെ പരിശോധിക്കുന്നത്. കൊളോണിയലിസത്തിന്റെ മനുഷ്യത്വരഹിതവും യൂറോകേന്ദ്രിതവുമായ ഹീനമുഖം ഇതിന്റെതന്നെ തുടർച്ചയാണ്. ഒരുപക്ഷെ മനുഷ്യനെ മനുഷ്യനാക്കുന്നതും മറ്റു ജന്തുജാലങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നതും പ്രയോജനരഹിതമായ കാര്യങ്ങളിൽ മുഴുകാനുള്ള തികച്ചും മാനുഷികമായ ഈ കഴിവാണ്.  അതിന്റെ ആഘോഷമാണ് ഫിറ്റ്സ്കറാൾഡോ..
 
5
 
അതുകൊണ്ടുതന്നെയായിരിക്കണം ഒരു യഥാർഥവ്യക്തിയുടെ അനുഭവത്തെ അവലംബിച്ചെടുത്ത ഈ ചിത്രം ‘യാഥാർഥ്യ’ത്തിനപ്പുറം പോകുന്നതും. കാർലോസ് ഫെർമിൻ ഫിറ്റ്സ്കറാൾഡ് എന്ന സാഹസികന്റെ ജീവിതത്തിൽ അയാൾ ചെയ്ത കാര്യത്തെ ഹെർസോഗ് പുനരാവിഷ്ക്കരിക്കുമ്പോൾ, ആ ‘യാഥാർഥ്യം’ പതിന്മടങ്ങായി വർദ്ധിക്കുന്നു: 30 ടൺ ഭാരമുള്ള കപ്പൽ 300 ടണ്ണായും, 20 ഡിഗ്രിയുണ്ടായിരുന്ന മലഞ്ചെരിവ് 40 ഡിഗ്രിയായും പെരുകുന്നു; യഥാർഥത്തിൽ കപ്പൽ ഒരുവശത്തുനിന്ന് പൊളിച്ചെടുത്തുകൊണ്ടുപോയി മറുവശത്തുചെന്ന് പുനർനിർമ്മിക്കുകയാണ് ചെയ്തത് എങ്കിൽ, ചിത്രത്തിൽ ആ കപ്പൽ ഒരു പുഴയിൽനിന്ന് മറുപുഴയിലേക്ക് ഒരു മലയ്ക്കുമുകളിലൂടെ വലിച്ചുകയറ്റപ്പെടുന്നു. എങ്കിലും മറ്റൊരു തലത്തിൽ, അതായത് ചിത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള സങ്കല്പത്തിൽ, ഒരു കടുത്ത യാഥാർഥ്യവാദിയാണ് ഹെർസോഗ്: ചിത്രത്തിൽ ഒരവസരത്തിലും എന്തെങ്കിലും രീതിയിലുള്ള സ്പെഷ്യൽ ഇഫക്ടുകൾ ഉപയോഗിക്കുകയോ, ടേബിൾ ടോപ് മാതൃകകൾ ഉപയോഗിച്ചുള്ള പ്രതീതിനിർമ്മാണശ്രമം നടത്തുകയോ ഹെർസോഗ് ഒരിക്കലും ചെയ്തിട്ടില്ല. യഥാർഥത്തിലുള്ള കപ്പലുകൾ തന്നെ ഉപയോഗിച്ചും, അതു യഥാർഥത്തിൽ മലകയറ്റിയുമാണ് ചിത്രത്തിലുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിപാദിക്കുന്ന ആഖ്യാനവും (അതിന്റെ ഭ്രാന്തും) ആഖ്യാനനിർമ്മാണസങ്കേതവും തമ്മിലും, രണ്ടിലുമുള്ള ജീവാപായസാധ്യതകൾ തമ്മിലും, കഥാപാത്രവും അതിന്റെ ആഖ്യാതാവും തമ്മിലുമെല്ലാം അത്രയേറെ സാമ്യങ്ങളുള്ള ചിത്രം കൂടിയാണ് ഫിറ്റ്സ്കറാൾഡോ. 
 
 


[1] Somehow, deep in your subconscious, you will find them lurking dormant like sleeping friends. Seeing the images on film wakes them up, as if I am introducing to you a brother whom you have never actually met. This is one reason why so many people around the world seem to connect with my films.

[2] ലോകത്തെ തന്റെ സിനിമയ്ക്കുള്ള അസംസ്കൃതവസ്തുവായിക്കാണുന്ന ഒരു ചലച്ചിത്രകാരന് ഒരുപക്ഷെ ഇത്തരം ഒരു ചോദ്യം ചോദിക്കാനാവില്ല: How can we regain innocence of vision . our vision that has been so badly contaminated? We have to find adequate images again. What have we done to our images? What have we done to our landscapes? We have embarrassed landscapes

No comments:

Post a Comment