Wednesday, June 22, 2011

ജോൺ അബ്രഹാം അമ്മ അറിയാൻ അനുഭവം ഓർമ്മ


കെ എൻ ഷാജി അറിയാൻ
സി എസ് വെങ്കിടേശ്വരൻ

‘അമ്മ അറിയാൻ’ തുടങ്ങിയതറിഞ്ഞ് കേരളമെമ്പാടുമുള്ള അരാജകവാദികളായ ചെറുപ്പക്കാർ തോളിൽ സഞ്ചിയും തൂക്കി ചുണ്ടിൽ പുച്ഛം കലർന്ന പുഞ്ചിരിയുമായി അമ്മമാരോട് യാത്ര പറഞ്ഞ് വീടുവിട്ടിറങ്ങി. ഉദരംഭരികളായ അവർ ഷൂട്ടിങ് സംഘത്തോടൊപ്പം ഊരുചുറ്റി. പത്രക്കടലാസ് കുമ്പിൾ കുത്തി അവർ നാടെങ്ങും പണപ്പിരിവു നടത്തി. പക്ഷെ ആ ചില്ലറകൾ അവരുടെ തൊണ്ട നനയ്ക്കാൻ തികയില്ലായിരുന്നു. വാസ്തവത്തിൽ ആ ഉത്സാഹക്കമ്മിറ്റികൾ ‘ഒഡേസ’യ്ക്കോ ജോണിനോ ഗുണം ചെയ്തില്ല, ദോഷമേറെ ചെയ്തുതാനും. അവർ ഷൂട്ടിങ്ങിന് ഒട്ടേറെ തടസ്സങ്ങളുണ്ടാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജോൺ ഏറെ പാടുപെട്ടു. എല്ലാവരും പ്രൊഡ്യ്യൂസർമാർ. പലരും സഹസംവിധായകർ. ചിലർ സൂപ്പർ സംവിധായകർ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാർ? ഇവരുടെ ശല്യം കൊണ്ട് ജോൺ പൊറുതിമുട്ടി…” കെ എൻ ഷാജിയുടെ ‘തിക്തതീക്ഷ്ണമായ ജോൺ സ്മരണ‘ എന്ന ഓർമ്മക്കുറിപ്പിലെ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 12-18) രണ്ടാം ഭാഗത്തിൽ ഈ രീതിയിൽ തുടർന്നുപോകുന്ന വാചകങ്ങൾ വായിച്ചപ്പോഴുണ്ടായ പ്രതികരണമാണ് ഈ കുറിപ്പ്

എന്റെ അറിവിലും അനുഭവത്തിലും അമ്മ അറിയാൻ എന്ന സിനിമ – സംഭവം - സാധ്യമായത്, അന്നത്തെ സാഹചര്യത്തിൽ ഒട്ടേറെ ഘടകങ്ങൾ അനുകൂലമായി വന്നതുകൊണ്ടുകൂടിയാണ്: ‘റാഡിക്കൽ ശൂന്യത‘ എന്നു വിശേഷിപ്പിക്കാവുന്ന അന്നത്തെ രാഷ്ട്രീയാന്തരീക്ഷം, ഇത്തരം പ്രവർത്തനങ്ങളിൽ ‘പ്രയോജന’മാലോചിക്കാതെ ഒരുമ്പെട്ടിറങ്ങാൻ തയ്യാറുള്ള മനുഷ്യരുടെ കേരളമെമ്പാടുമുള്ള സാന്നിദ്ധ്യം, കേരളത്തിനു പുറത്തുള്ള സിനിമാപ്രവർത്തകരുടെ – പി കെ നായർ, ജി വി അയ്യർ, ചലം ബന്നൂർക്കർ - സഹായം, ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പശ്ചാത്തലം, മികവു തെളിയിച്ച സാങ്കേതികപ്രവർത്തകരുടെ നിസ്വാർഥമായ പങ്കാളിത്തം, ജോണിനോടും ഈ നിർമ്മാണപദ്ധതിയോടും കെ എസ് എഫ് ഡി സി പോലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ നേതൃത്വത്തിലിരുന്നവർ കാണിച്ച ആഭിമുഖ്യം തുടങ്ങി പലതും അത്തരം ഒരു ‘സംഭവ’ത്തിനുള്ള കാരണങ്ങളായിത്തീർന്നു. തീർച്ചയായും ഇവരെ/യെ എല്ലാം തന്റെ സാന്നിദ്ധ്യം കൊണ്ടും വ്യക്തിവിശേഷം കൊണ്ടും പ്രചോദിപ്പിച്ചൊന്നിപ്പിക്കാൻ കഴിഞ്ഞ ജോൺ അബ്രഹാം എന്ന പ്രതിഭയുടെ സാന്നിദ്ധ്യം നിർണ്ണായകം തന്നെയായിരുന്നു. ഒരർഥത്തിൽ ജോൺ തന്റെ മുൻകാല അലച്ചിലുകളിലൂടെ കേരളത്തിലുടനീളം സമ്പാദിച്ച സുഹൃദ്സംഘങ്ങളുടെ ഒരു കണ്ണിചേരൽ കൂടിയായിരുന്നു ആ സിനിമാസംരംഭം. എഴുപതുകളെ പ്രചോദിപ്പിച്ച പലതരം പ്രസ്ഥാനങ്ങളിലൂടെയും രാഷ്ട്രീയകലാസാംസ്ക്കാരികസംരംഭങ്ങളിലൂടെയും സാഹസങ്ങളിലൂടെയും കടന്നുപോയവരായിരുന്നു അവരിൽ ഭൂരിപക്ഷം പേരും എന്നതും, ആ സിനിമയുടെ പ്രമേയം അത്തരം ‘ചരിത്രാവശിഷ്ടങ്ങളി’ലൂടെയുള്ള (മനുഷ്യർ-ഓർമ്മകൾ, സ്ഥലങ്ങൾ-ചരിത്രം, സംഭവങ്ങൾ- സ്മാരകങ്ങൾ എന്നിങ്ങനെ) ഒരു യാത്രയായിത്തീർന്നതും ഇത്തരം ഒരു അപൂർവ്വ ഒത്തുചേരലിന്റെ രസതന്ത്രവുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു.

ഫറൂക്കിലെ തന്റെ ക്വാർട്ടേഴ്സിൽ ജോണിന് ഏറെക്കാലം ആതിഥ്യമരുളിയ കുഞ്ഞിലക്ഷ്മിടീച്ചർ, ഫറൂക്ക് സോമൻ, ജോണിന്റെ മറ്റൊരു അഭയസ്ഥാനവും ഒഡേസയുടെ ആദ്യകാല പ്രവർത്തനസ്ഥലവുമായിരുന്ന ഫറുക്ക് ആർട്സ് കോളേജിലെ നാരായണൻ മാഷ്, മറ്റു അധ്യാപകർ, അതിനടുത്ത് ചായക്കട നടത്തിയിരുന്ന കുട്ടപ്പനും രവിയും, ജോണിനെ ഫറൂക്കിലേക്കു കൊണ്ടുവന്ന സോമശേഖരൻ, സുധി, അമ്മ അറിയാനിൽ അഭിനയിച്ച, പിന്നീട് കാണാതായ അയ്യപ്പൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ ബ്രഹ്മപുത്രൻ, ജഗദീഷ്, ബാലു, ഹേമന്ത്, ആർട്ടിസ്റ്റ് മോഹനൻ, ഒഡേസയുടെ ഏക ‘ഓതറൈസ്ഡ് സിഗ്നറ്ററി’ പരപ്പനങ്ങാടിയിലെ യജ്ഞമൂർത്തി, സമദ്, പട്ടാമ്പി കനറാ ബാങ്കിലെ ശശി, കൊച്ചിയിലെ ഉത്തമൻ, ഈ പി ജോസഫ്, പാപ്പച്ചൻ, ബെർനാർഡ്, മൂസ, ഏ എക്സ് വർഗീസ്, സെബാസ്റ്റ്യൻ, മധു (പണിപ്പുര), ഷെറീഫ്, പാസ്പോർട്ട് ഓഫീസിലെ അമീർ, റഷീദ്, മാർട്ടിൻ, ഫോർട് കൊച്ചിയിലെ എക്സൽ ഹോട്ടലിന്റെ ഉടമ, ഹംസ, മട്ടാഞ്ചേരിയിലെ ദിനേശ്, സാം, കോയ അമ്പലമേട്ടിലെ ബാലു, അയ്യപ്പൻ കുട്ടി, വൈപ്പീനിലെ ചെല്ലപ്പൻ, പറവൂരിലെ രാജഗോപാൽ, വാസു, തൃശ്ശൂരിലെ ഡേവീസ്, ശിവശങ്കരൻ, നീലൻ, വയനാട്ടിലന്നു താമസിച്ചിരുന്ന ഫോട്ടോഗ്രാഫർ ഉത്തമൻ, മനോഹരമായ കയ്പടയിൽ അമ്മ അറിയാന്റെ തിരക്കഥ കേട്ടെഴുതിയ മോട്ടി, പുരുഷു, ഷൂട്ടിംഗ് വേളയിൽ ജോണിന്റെ മൂഡ് വ്യതിയാനങ്ങൾ ക്ഷമയോടെ അതിജീവിച്ച പ്രകാശ് മേനോൻ, പുല്പള്ളിയിലുണ്ടായിരുന്ന റെജി, സൌത്തിന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനും ചിത്രകാരനുമായ തോമസ്, അമ്പലവയൽ തോമസ്, ബാബു മൈലമ്പാടി, വൈത്തിരിയിൽ താമസിച്ച് കല്പറ്റ കോളേജിൽ പഠിപ്പിച്ചിരുന്ന അധ്യാപകർ പ്രഭാകരൻ, ഗോപിനാഥ് (വൈത്തിരിയിലെ ഷൂട്ടിംഗ് സമയത്തെ യൂണിറ്റിന്റെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും മുഖ്യപങ്കു വഹിച്ചത് ഈ നിശബ്ദനായ മനുഷ്യനായിരുന്നു), വൈത്തിരി ആശ്രമത്തിലെ സ്വാമി, കല്പറ്റയിൽ അന്നു മാതൃഭൂമിയുടെ സ്ട്രിങ്ങർ ആയിരുന്ന ചെറുപ്പക്കാരൻ, പിന്നെ ഷാജി, അന്നു സുൽത്താൻ ബത്തേരിയിലുണ്ടായിരുന്ന കെ കെ കൊച്ച്, സുകുമാരൻ, ജോർജ് ജോസഫ് (കെ എസ് ആർ ടി സി), വിനോദ് (പി ഡബ്ല്യു ഡി), മാനന്തവാടിയിലെ ഫാർമസിസ്റ്റ് പത്മനാഭൻ, സോളിഡാരിറ്റിയിലെ ജോർജ്, അന്നു കണ്ണൂർ ട്രഷറിയിൽ ജോലി ചെയ്തിരുന്ന മോഹനൻ, ആരോഗ്യവകുപ്പിലെ ഗോവിന്ദരാജ്, ബാങ്കു ജീവനക്കാരനായ പ്രേമൻ, കോഴിക്കോട് സ്റ്റേറ്റ് ബാങ്കിലെ ആർ വി രാമനാഥൻ, ടി രഘു, രാജഗോപാലൻ, പിന്നെ വി സുരേന്ദ്രനാഥ്, അച്ചുതൻ കുട്ടി, സിദ്ധാർത്ഥൻ, ഏ കെ എന്ന പാട്ടുകാരൻ, ഇയ്യിടെ അന്തരിച്ച ‘മുടി’വേണു, അഭിനേതാക്കൾ കൂടിയായിരുന്ന കല്ലായി/നിലമ്പൂർ ബാലേട്ടന്മാർ, ശോഭി മാഷ്, നാസിം, പിന്നെ മധു മാഷ്, കെ ജയചന്ദ്രൻ, ആർ മോഹനൻ, ഒഡേസയ്ക്കു വേണ്ടി നാടുനീളെ പ്രൊജക്ടറുമായി നടന്ന മധു, വിവിധ നിർമ്മാണഘട്ടങ്ങളിൽ തിരുവനന്തപുരത്തു നിരവധി വട്ടം വന്ന എല്ലാവർക്കും കിടക്കയും ഭക്ഷണവും നൽകിയ ടെലിഫോൺ ജീവനക്കാരനായ കണ്ണൂർ ബാലൻ, ഇങ്ങിനെ എത്രയോ പേർ യാതൊരു വ്യക്തിതാല്പര്യങ്ങളുമില്ലാതെ ഈ സംരംഭത്തിനു പിന്നിലുണ്ടായിരുന്നു എന്നത് ഷാജി മറന്നുപോകുന്നു..

അമ്മ അറിയാനുമായി സഹകരിച്ചവരുടെ ഒരു ‘പൂർണ്ണ’ലിസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമമേയല്ല ഇത്; അത് ഒരിക്കലും സാധ്യമല്ല താനും. ഇവിടെ സൂചിപ്പിച്ച പേരുകളെല്ലാം തന്നെ എന്റെ ഒഡേസാ പ്രവർത്തനകാലത്ത് ഞാൻ പരിചയപ്പെടുകയും സഹകരിക്കുകയും ചെയ്ത, ഇന്ന് എന്റെ ഓർമ്മയിൽ വരുന്നതുമായ ചില പേരുകൾ മാത്രമാണ്. ഇവരിൽ പലരും നമ്മുടെ കൂടെ ഇന്നില്ല.

അമ്മ അറിയാൻ നിർമ്മാണഘട്ടത്തിലെ പ്രവർത്തനരീതി തികച്ചും അനൌപചാരികവും മിക്കപ്പോഴും മുൻ കാലബന്ധങ്ങളെയും സൌഹൃദങ്ങളെയും അടിസ്ഥാനമാക്കിയുള്ളതും തികച്ചും പ്രാദേശികവും ആയിരുന്നു (ഒഡേസ ഒരിക്കലും ഒരു ഔപചാരിക രൂപം കൈക്കൊണ്ടില്ല എന്നത് യാദൃശ്ചികമല്ല), അതുകൊണ്ടു തന്നെ ഷാജി ദു:സൂചിപ്പിക്കുന്നതുപോലെ പിരിച്ച പൈസയുടെ കണക്ക് അറിയാതെ – ‘പിരിക്കുന്നവരുടെ തൊണ്ട നനച്ച്‘- പോകുന്ന പ്രശ്നം അവിടെയുണ്ടായിരുന്നുമില്ല.

‘അമ്മ അറിയാൻ’ എന്ന ചിത്രത്തിൽ ഞാൻ സഹകരിച്ചത് മുഖ്യമായും അതിന്റെ നിർമ്മാണസംബന്ധിയും സംഘാടനാപരവുമായ കാര്യങ്ങളിൽ മാത്രമാണ്. പലസ്ഥലങ്ങളിലായി എന്നെപ്പോലെ പലരും അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അതുപോലെത്തന്നെ ചിത്രത്തിന്റെ ക്രിയാത്മകവശങ്ങളുമായി സഹകരിച്ചവരും ധാരാളമുണ്ടായിരുന്നു – വേണു, ബീന, കെ ജി ജയൻ, തുടങ്ങി പോലീസ് സ്റ്റേഷനാക്രമണരംഗത്തിൽ പോലീസായിതന്നെ അഭിനയിച്ച പോലീസുകാരും, കോട്ടപ്പുറത്തെ അരി പിടിച്ചെടുക്കൽ സമരത്തിൽ പങ്കെടുത്തവർ - കടക്കാരനും സമരക്കാരും - വരെ അതു നീളുന്നു. ഒരു വ്യവസ്ഥാപിത ഫിലിം നിർമ്മാണം അല്ല ഇതെന്നു മനസിലാക്കി, ജോണിന്റെ പ്രതിഭയിലും കൂടെയുള്ള ‘ഉദരംഭരി‘കളിലും വിശ്വസിച്ച് അതിന്റെ കൂടെ നിന്ന ചിത്രാഞ്ജ്ലിയിലെ അയ്യപ്പൻ തുടങ്ങി അനവധി യൂണിറ്റ് അംഗങ്ങൾ, അന്നു കെ എസ് എഫ് ഡി സിയുടെ തലപ്പത്തിരുന്ന ഭാസ്ക്കരൻ മാഷ്, ഭരത് ഭൂഷൺ, സ്ഥിരം ചിട്ടവട്ടങ്ങൾ തെറ്റിച്ച് എല്ലാ സന്ദർഭങ്ങളിലും കൂടെനിന്ന സ്റ്റുഡിയോ/ലാബ് ജീവനക്കാർ ഇവരെല്ലാം ജോണും ഒഡേസയും ഉയർത്തിപ്പിടിച്ച സ്പിരിറ്റിനെ പലരീതിയിൽ/തലത്തിൽ അവനവനാവും വിധം ഉൾക്കൊണ്ടു, നിർലോഭം സഹായിച്ചു.

ഉയരങ്ങളിൽ പറന്ന, പറക്കാൻ അറിയുന്ന ജോൺ എന്ന കൊടിയും, ഒഡേസയുടെ നങ്കൂരമായിരുന്ന അമ്മദും മാത്രം പോരായിരുന്നു അമ്മ അറിയാൻ എന്ന ജനബഹുലമായ കപ്പൽ കരയ്ക്കടുക്കുവാൻ എന്നുമാത്രം ഓർമ്മിപ്പിക്കാനാണിത്. സ്വന്തം പേരോ ലാഭമോ ചിന്തിക്കുകപോലും ചെയ്യാതെ ആ ഓളത്തോടൊപ്പം നിന്ന് സഹർഷം സഹായിച്ചുകൊണ്ട് അതിനു പിന്നിൽ പ്രവർത്തിക്കുകയും ആ സിനിമ സാധ്യമാക്കുകയും ചെയ്ത അനാമികരായ ആയിരക്കണക്കിനു മനുഷ്യരെക്കൂടി നമ്മൾ സ്നേഹബഹുമാനങ്ങളോടെ ഓർക്കുന്നില്ല എങ്കിലും അപമാനിക്കാതിരിക്കേണ്ടതെങ്കിലുമുണ്ട്.

2

Art is not the product of the angel, but the affirmation – and each time the rediscovery – that all people are angels.
-Letter to Massimo on Beauty, Antonio Negri, Art & Multitude

ഇത്തരം എഴുത്ത് – ജോൺ ഓർമ്മകൾ എന്ന ജനുസ്സ് - ജോൺ എന്ന വ്യക്തിയെ ബിംബവൽക്കരിക്കുന്നതിന്റെ കൂടി മറുവശമാണെന്നു ഞാൻ കരുതുന്നു.

ജോണിനെക്കുറിച്ചുള്ള വ്യവഹാരങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ജോണിന്റെ കലയെയോ കലാപ്രവർത്തനത്തെയോ കുറിച്ച് എന്നതിനെക്കാളധികം അവ ജോൺ എന്ന വ്യക്തിയെക്കുറിച്ചാണ് എന്നതാണ്. തീർച്ചയായും ജോണിന്റെ കാര്യത്തിൽ നിർമ്മിച്ച ചിത്രങ്ങളെക്കാൾ, എഴുതിയ കഥകളെക്കാൾ വലിയ കല സർഗ്ഗാത്മകത, ഒരു പക്ഷെ ജോൺ നമ്മുടെ മുന്നിൽ ആടിത്തകർത്ത ജോണിന്റെ ജീവിതം തന്നെയാകാം. നമുക്ക് ജീവിക്കാൻ കഴിയാതിരുന്ന, നമ്മളെ നിരന്തരം മോഹിപ്പിക്കുന്ന ഒരു തരം സ്വാതന്ത്ര്യം/ലഹരി/ഉന്മാദം ജോൺ ജീവിതത്തിൽ അനുഭവിക്കുകയും, ആവിഷ്ക്കരിക്കുകയും ചെയ്തിരുന്നു.എന്നതുകൊണ്ടു തന്നെയായിരിക്കണം ജോൺ പരിചയപ്പെട്ട ഓരോരുത്തർക്കും അത് വെറും മറ്റൊരു പരിചയം മാത്രമായിരിക്കാത്തതും, ഓരോരുത്തർക്കും ആ ബന്ധം വളരെ ആധികാരികവും വൈയക്തികവും ആയ ഒന്നായി ഇന്നും അനുഭവപ്പെടുന്നതും. ജോണിനെ പരിചയപ്പെട്ടിട്ടുള്ള ആർക്കാണ് സ്വകാര്യമായ ഒരു കഥ പറയാനില്ലാത്തത്? നൊടിയിട ദൈർഘ്യമുള്ള ഒരു പരിചയത്തിൽ പോലും ജോൺ പ്രസരിപ്പിച്ച ആ തീവ്രമായ ഒരുതരം സാന്നിദ്ധ്യബോധത്തെ, ഓരോരുത്തരും ജോണിനെക്കുറിച്ച് എന്നും പ്രചരിച്ചിരുന്ന ഐതിഹ്യങ്ങളുമായി ചേർത്തുകൊണ്ടുള്ള ഒരു രാസവിദ്യയിലൂടെ തികച്ചും വ്യക്തിപരവും അനന്യവുമായ ‘ഓർമ്മ’കളാക്കി പരിണമിപ്പിച്ചു. അത് ജോണിനെ പോലുള്ള ഒരു വ്യക്തിത്വത്തിനെക്കുറിച്ചുള്ള ഓർമ്മയ്ക്ക് മാത്രം കഴിയുന്ന ഒരു രാസത്വരകപ്രക്രിയയാണ്. അത് ഒരു വശത്ത് തികച്ചും വൈയക്തികമായ പരിചയവും മറുവശത്ത് സമൂഹത്തിൽ പ്രചരിക്കുന്ന മിത്തുകളുടെ ഭാവനാവിസ്താരങ്ങളുമായുള്ള ഒരു പ്രത്യേകതരത്തിലുള്ള ചേരുവയുടെ സൃഷ്ടിയാണ്. അഭിമുഖമായി പിടിച്ച രണ്ടു കണ്ണാടികളെ പോലെ അവയിൽ പതിഞ്ഞ ഓർമ്മകളെ പൊലിപ്പിക്കുന്നു; പെരുപ്പിക്കുന്നു, ചില സന്ദർഭങ്ങളിൽ ‘പുതിയ ഓർമ്മകളെ‘ ഭാവനചെയ്തെടുക്കുന്നു.. വ്യക്തിപരമായ തലത്തിൽ അതു വളരെ ‘സാർത്ഥക’മായ ഒരു അനുഭവവും അനുഭവസാക്ഷ്യവും ഒക്കെ ആയിരിക്കാം എങ്കിലും, ജോണിനെ പോലുള്ള ഒരു വ്യക്തിത്വത്തിന്റെ സാമൂഹികതയെ, അതിന്റെ പടർപ്പുകളെ മനസിലാക്കാനോ, അവയെ വ്യക്തി/കലാകാരൻ - സമൂഹം/വ്യവസ്ഥ – കല/പ്രകാശനം എന്നിവ തമ്മിലുള്ള പലപ്പോഴും വിചിത്രവും പിടിതരാത്തതുമായ ചലനാത്മകതയ്ക്കകത്തുനിന്നു മനസിലാക്കാനും തടസ്സമായി നിൽക്കുന്നു. ഒന്നുകിൽ ഇത്തരം വ്യവഹാരങ്ങൾ ജോണിനെ ഒരു വ്യക്തിപരമായ ഓർമ്മയായി/അനുഭവമായി സ്വകാര്യവൽക്കരിക്കുന്നു, അല്ലെങ്കിൽ യാഥാർഥ്യത്തിന്റേയും ചരിത്രത്തിന്റേയും യാതൊരു ഭാരവുമില്ലാത്ത ഏതാകാശത്തിലും പറത്താവുന്ന കാറ്റാടിയാക്കി മാറ്റുന്നു. നിങ്ങളുടെ ഉള്ളിലെ ശൂന്യതയ്ക്കും മാടിവിളിക്കുന്ന അപാരസാധ്യതകളുടെ ആകാശത്തിനും ഇടയിൽ വലിയുന്ന ഒരു ചരടാണ് ഇന്ന് നമുക്ക് ജോൺ.

ഈ വ്യവഹാരനിർമ്മാണത്തിലെ ഏറ്റവും വേദനാജനകമായ വശം അത്തരമൊരു വിഗ്രഹത്തെ നിർമ്മിക്കുമ്പോൾ അതിനു പൊലിപ്പേകാൻ അതിന്റെ അപരങ്ങളെയും വിപരീതങ്ങളേയും നമുക്കു നിർമ്മിച്ചെടുക്കേണ്ടി വരുന്നു എന്നതാണ്. നമ്മൾ ബിംബത്തിനു നൽകുന്ന പ്രാധാന്യവും ദീപ്തിയും അതിന്റെ ചുറ്റുപാടുകൾക്കു വിരുദ്ധമായി നമുക്കു നിർത്തേണ്ടിവരുന്നു. വിഗ്രഹത്തിനു ശോഭ കൂട്ടുവാനായി പശ്ചാത്തലസാഹചര്യത്തിലെ ഇരുട്ട് വർദ്ധിപ്പിക്കണം എന്ന ആഖ്യാനയുക്തി/കുടുക്കിലേക്ക് ഇവ എത്തിച്ചേരുന്നു.

ഇത്തരം ഓർമ്മിച്ചെടുക്കലുകളുടെയും, ജോൺ നിർമ്മിതികളുടെയും ഏറ്റവും വലിയ പ്രശ്നം അത് ഒരു സ്വപ്നത്തെ ‘സാധ്യത‘യും ‘സംഭവ‘വുമാക്കി മാറ്റുന്ന, അതിനു പിന്നിൽ - ത്വരകമായി, പശ്ചാത്തലമായി, നിശബ്ദസാന്നിദ്ധ്യങ്ങളായി - പ്രവർത്തിക്കുന്ന, കഠിനവും സങ്കീർണ്ണവുമായ പ്രക്രിയകളെ മറ(യ്)ക്കുന്നു എന്നതാണ്. നമ്മിലെ ശൂന്യത കൊണ്ടു നമ്മൾ പൂജ നടത്തുന്ന ഏതൊരു വിഗ്രഹത്തിനും സംഭവിക്കാവുന്ന ഒരു ദുരന്തം.

1 comment: