Friday, June 10, 2011


ശോഭന പരമേശ്വരൻ നായർ - ഒരു കാലഘട്ടത്തിന്റെ നിർമ്മാതാവ്

സി എസ് വെങ്കിടേശ്വരൻ

“നമ്മുടെ സിനിമ ഇങ്ങനെയല്ല വേണ്ടത്. നമ്മൾ വർത്തമാനം പറയുന്നതുപോലെ വർത്തമാനം പറയണം. നമ്മൾ ആഹാരം കഴിക്കുന്നതുപോലെ ആഹാരം കഴിക്കണം. നമ്മുടെ വേഷങ്ങൾ പോലെ ഇതിലെ കഥാപാത്രങ്ങളും വേഷം ധരിക്കണം.”

(ശോഭന പരമേശ്വരൻ നായരുമായുള്ള അഭിമുഖം, കെ ജെ ജോണി, ‘ഒരു ചിത്രത്തിന്റെ അണിയറ’, ഭാഷാപോഷിണി, ഒക്ടോബർ 2004).

ഇത് നീലക്കുയിലിന്റെ നിർമ്മാണത്തെക്കുറിച്ചും അതിനുപിന്നിലുണ്ടായിരുന്നവരുടെ ആഗ്രഹങ്ങളെ ക്കുറിച്ചുമുള്ള പരമേശ്വരൻ നായരുടെ പരാമർശങ്ങളാണ്. അദ്ദേഹം ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരിലൊരാളും, അതിന്റെ സംവിധായകരായിരുന്ന രാമു കര്യാട്ട്, പി ഭാസ്കരൻ തുടങ്ങിയവരുടെ അടുത്ത സുഹൃത്തുമായിരുന്നു. നീലക്കുയിലിലൂടെ കടന്നുവന്ന ആ സംഘം വരും കാലഘട്ടത്തിലെ മലയാളസിനിമയുടെ രൂപത്തെയും ഭാവത്തെയും മാറ്റുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ച ഒന്നായിരുന്നു. ശോഭന പരമേശ്വരൻ നായർ അതിൽ പ്രധാനിയായ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാളസിനിമയിലെ ഒരു കാലഘട്ടത്തിന്റെ തന്നെ അന്ത്യമാണ്.

ശോഭന പരമേശ്വരൻ നായർ സിനിമയിലേക്കു പ്രവേശിക്കുന്ന കാലം - 1950-കൾ - മലയാള സിനിമ – ഒരു കലാരൂപം എന്ന നിലയിലും വ്യവസായം എന്നനിലയ്ക്കും – അതിന്റെ തുടക്കത്തിലായിരുന്നു. ഇനിയും സിനിമാനിർമ്മാണം കേരളത്തിലേക്കെത്തിയിരുന്നില്ല; മദിരാശി തന്നെയായിരുന്നു അതിന്റെ തലസ്ഥാനം. അതുകൊണ്ടുതന്നെ തമിഴ്സിനിമയുടെതായ രൂപഭാവങ്ങൾ മലയാളസിനിമയിലും പ്രകടമായിരുന്നു. മലയാളനാടകരംഗത്ത് തമിഴ്-പാർസി നാടകങ്ങളുടെ സ്വാധീനങ്ങളിൽ നിന്നും മലയാളനാടകത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തി കൈവരിക്കുന്ന സമയമായിരുന്നു അത്. പരദേശിനാടകങ്ങളുടെ വാചാടോപത്തിലും അതിഭാവുകത്വത്തിലും സംഗീതാധിക്യാത്തിൽനിന്നുമൊക്കെ മാറി ‘കേരളീയത’യുള്ള പ്രമേയങ്ങൾക്കും അവതരണരീതികൾക്കും രംഗഭാഷയ്ക്കുമൊക്കെയുള്ള അന്വേഷണങ്ങൾ സജീവമായിരുന്നു അന്ന്. സാഹിത്യത്തിലും അതുപോലെ മാറ്റത്തിന്റെ അലകൾ പ്രകടമായിരുന്നു.

എന്നാൽ അക്കാലത്തും സിനിമയ്ക്ക് അത്തരം ‘തനത്’ ഭാഷകണ്ടെത്തുന്നതിന് വ്യാവസായികമായ തടസ്സങ്ങൾ നിലനിന്നു. പ്രമേയത്തിലും കഥയിലും സംഭാഷണങ്ങളിലും മറ്റും ‘കേരളീയത’ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും സിനിമയുടെ ഭൌതികപശ്ചാത്തലം – ഭൂപ്രദേശങ്ങളും മറ്റും – അതിന് അപ്പോഴും കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ‘സിനിമാപിടുത്ത‘ത്തിനുള്ള സൌകര്യങ്ങളെല്ലാം തന്നെ മദിരാശിയിൽ കേന്ദ്രീകരിച്ചിരുന്നതിനാൽ, സിനിമാനിർമ്മാണം അവിടുത്തെ സെറ്റുകളുടെയും സ്റ്റുഡിയോയുടെയും അകത്തളങ്ങളിൽതന്നെ കെട്ടിക്കിടക്കുകയായിരുന്നു.

സിനിമ തികച്ചും കേരളീയമാവണമെന്നാഗ്രഹിച്ച നീലക്കുയിലിന്റെ ശില്പികളെ ബേജാറാക്കിയ ഒരു പ്രശ്നമായിരുന്നു അത്. അക്കൂട്ടത്തിൽ ആ കലാകാരന്മാരുടെ ശ്രമങ്ങൾക്കു പിന്തുണനൽകിയും അവരുടെ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തുകൊണ്ട് ശോഭന പരമേശ്വരൻ നായരുമുണ്ടായിരുന്നു. അടുത്ത ദശകങ്ങളിലെ മലയാളസിനിമയ്ക്ക് അതിന്റെ രൂപവും ഭാവവും നൽകിയവരായിരുന്നു അവർ. കഥയുടെ കാര്യത്തിലും പ്രമേയങ്ങളുടെ കാര്യത്തിലും സംഭാഷണങ്ങളിലും പാട്ടിലും സംഗീതത്തിലും എല്ലാം തമിഴ്-ഹിന്ദി സിനിമകളിൽ നിന്നു വേറിട്ടുനിൽക്കുന്ന തനതായ ഒരു വ്യക്തിത്വവും തന്റേടവും വികസിപ്പിക്കുന്നതിൽ അക്കാലത്തെ സിനിമാപ്രവർത്തകരുടെ പങ്ക് നിർവചനാത്മകമായ ഒന്നായിരുന്നു. നാടകത്തിൽ നിന്നുള്ളവരുടെ ആദ്യതരംഗം കഴിഞ്ഞ്, ഒരു രണ്ടാം തലമുറതന്നെ സിനിമയിലേക്കു പ്രവേശിച്ച ഒരു സന്ദർഭമായിരുന്നു അത്. രാമു കര്യാട്ട്, പി ഭാസ്കരൻ, എ വിൻസന്റ്, കെ എസ് സേതുമാധവൻ, വയലാർ, ദേവരാജൻ, കെ രാഘവൻ, ബാബുരാജ്, ടി കെ പരീക്കുട്ടി, സത്യൻ, കുമാരി തുടങ്ങിയ ഒട്ടനവധി പേർ സിനിമയിലേക്കു വന്നത് അക്കാലത്താണ്. അത് ഒരു കലാരൂപത്തിന്റേയും വ്യവസായത്തിന്റേയും ശൈശവകാലമായിരുന്നു; ക്രിയാത്മകമായ ചങ്ങാത്തവും, കൂട്ടായ പ്രവർത്തനവും, പരസ്പരബഹുമാനവുമായിരുന്നു അക്കാലത്തിന്റെ പ്രത്യേകത. പലതരം കൂട്ടായ്മയുടെ സൃഷ്ടികളായിരുന്നു അവരുടേത്. സിനിമാനിർമ്മാണം അവർക്ക് സൌഹൃദങ്ങളുടെ ആഘോഷം കൂടിയായിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു പരമേശ്വരൻ നായരും.

അദ്ദേഹത്തെക്കുറിച്ച് എം ആർ രാജൻ സംവിധാനം ചെയ്ത മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ‘സിനിമയുടെ കാല്പാടുകൾ‘ എന്ന ഡോക്യുമെന്ററിയിൽ പരമേശ്വരൻ നായർ തന്റെ ബാല്യകാല സിനിമാനുഭവങ്ങളെക്കുറിച്ച് ഓർക്കുന്നുണ്ട്. തെലുങ്കു സിനിമയിലെ അതികായനായ ബി എൻ റെഡ്ഡി സംവിധാനം ചെയ്ത ‘ദേവത’ (1941)എന്ന ചിത്രം കണ്ടതോടെയാണ് തന്റെ മാധ്യമം സിനിമയാണ് എന്നദ്ദേഹത്തിന് തോന്നിയത് എന്നു പറയുന്നുണ്ട്. (“ദേവതയാണ് അന്നു കണ്ടസിനിമകളിൽ വെച്ച് മനസിനെ വല്ലാതെ ആകർഷിച്ച ഒരു ചിത്രം. അന്നു മനസ്സിൽ തോന്നി, പഠിത്തമൊക്കെക്കഴിഞ്ഞ് ഈ കല പഠിക്കണം എന്ന്, എന്നിട്ട് സിനിമ ഉണ്ടാക്കുന്ന ഒരാളായി മാറണം എന്ന്..“) ദേവത തെക്കേ ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. സാമൂഹ്യമായ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഈ ചിത്രം സ്ത്രീയുടെ അവസ്ഥയേയും ഉണർച്ചയേയും കുറിച്ച് അന്നുവരെയുള്ള സിനിമകൾക്ക് സാധിക്കാതിരുന്നവണ്ണം പ്രതിപാദിച്ചു. മറ്റു പലഭാഷകളിലും അതിന്റെ പുനരാവിഷ്ക്കാരങ്ങളുണ്ടായി. ഈ ചിത്രത്തിന്റെ നേരിയ സ്വാധീനം ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ചിത്രങ്ങളിലും കാണാം. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ മിക്കവാറുമെല്ലാം തന്നെ: ഉദാഹരണത്തിന് മുറപ്പെണ്ണ്, അഭയം, കള്ളിച്ചെല്ലമ്മ, അമ്മുവിന്റെ ആട്ടിൻ കുട്ടി തുടങ്ങിയവ. ഈ പ്രമേയപരമായ ചായ്‌വ് ആദ്യകാലസ്വാധീനത്തിൽ നിന്നാകാം.

നാടകീയതയിൽനിന്നും വാചാലതയിൽനിന്നും വിട്ടു മാറി ദൃശ്യപരതയ്ക്കും, യാഥാതഥ്യത്തിനും ഊന്നൽ നൽകുവാനാണ് അക്കാലത്തെ ചലച്ചിത്രകാരന്മാർ ശ്രമിച്ചത്. ഒരു നിശ്ചലഛായാഗ്രാഹകനായിരുന്നതിനാൽ തന്നെ പരമേശ്വരൻ നായർ ദൃശ്യപരമായ ഘടകങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു; വിൻസന്റിനെപ്പോലെ പ്രഗൽഭനായ ഒരു ഛായാഗ്രാഹകനുമായുള്ള വ്യക്തിബന്ധം ഇക്കാര്യത്തിൽ അദ്ദേഹത്തിലെ നിർമ്മാതാവിനെ സഹായിക്കയും ചെയ്തു. ഒരു ചെറിയ കാലഘട്ടത്തിനിടയിൽ വളരെക്കുറച്ചു ചിത്രങ്ങൾ മാത്രമേ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ചിട്ടുള്ളൂ, അതിൽ പ്രധാനപ്പെട്ടവ 1963-നും 1978-നും ഇടയിലായിരുന്നു.

എങ്കിലും മറ്റു നിർമ്മാതാക്കളിൽനിന്നുള്ള അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് സിനിമയുടെ ഓരോ മേഖലയിലുമുള്ള താല്പര്യവും തിരിച്ചറിവുള്ള അഭിരുചിയുമായിരുന്നു. സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു എന്നുമാത്രമല്ല, അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യകാരന്മാരിൽ പലരും - ബഷീർ, എം.ടി, പി ഭാസ്കരൻ തുടങ്ങിയവർ - അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളുടെ ഒരു പ്രത്യേകത, ഓരോ ചിത്രവും ഓരോ എഴുത്തുകാരുടെ കൃതികളെ ആസ്പദമാക്കിയുള്ളതാണ് എന്നതാണ്. അതുപോലെ ഓരോ ചിത്രങ്ങൾക്കും അദ്ദേഹം വ്യത്യസ്തരായ സംവിധായകരേയും പരീക്ഷിച്ചു. എൻ എൻ പിഷാരടി പോലുള്ള ഒരു തുടക്കക്കാരന് അവസരം നൽകിയതും എം ടി വാസുദേവൻ നായരെ പോലെയുള്ള ഒരു എഴുത്തുകാരനെക്കൊണ്ട് തിരക്കഥ എഴുതിച്ചതും അതിനുള്ള ഉദാഹരണങ്ങളാണ്. മുറപ്പെണ്ണും നഗരമേ നന്ദിയും എം.ടി വാസുദേവൻ നായരുടെ കഥയെയും തിരക്കഥയെയും അസ്പദമാക്കിയുള്ളതായിരുന്നു വളരെ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്ത അഭയത്തിന്റെ കഥ പെരുമ്പടവം ശ്രീധരന്റെതായിരുന്നു. കള്ളിച്ചെല്ലമ്മ ജി വിവേകാനന്ദന്റെ വിഖ്യാതമായ നോവലിനെ അടിസ്ഥാനമാക്കി എങ്കിൽ, മലയാളത്തിന് രജത പതക്കം നേടിക്കൊടുത്ത നിണമണിഞ്ഞ കാല്പാടുകൾ പാറപ്പുറത്തിന്റെ നോവലിനെയാണ് ആസ്പദമാക്കിയത്. അതുപോലെ അമ്മുവിന്റെ ആട്ടിൻ കുട്ടി കെ എസ് കെ തളിക്കുളം എഴുതിയ ഒരു കാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരമായിരുന്നു. സാഹിത്യമായുള്ള ബന്ധം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രമേയത്തിലും പാട്ടുകളിലും കാണാവുന്നതാണ്. ഒരു എഴുത്തുകാരിയുടെ ജീവിതത്തെക്കുറിച്ചുള്ള അഭയം എന്ന ചിത്രം അതിലെ പ്രശസ്തരായ കവികളുടെ ഒട്ടേറെ കവിതകളുടെ ഗാനാവിഷ്കാരം കൊണ്ടുകൂടി ശ്രദ്ധേയമാണ്: കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്, സുഗതകുമാരി തുടങ്ങിയവരുടെ കവിതകളാണ് അതിൽ ഉപയോഗിച്ചിട്ടുള്ളത്.

കഥയിലും സംവിധാനത്തിലും ഉള്ള വൈവിധ്യത്തിനുപുറമെ ശോഭന പരമേശ്വരൻ നായരുടെ ചിത്രങ്ങൾ അവയിലുള്ള മനോഹരമായ പാട്ടുകൾ കൊണ്ടുകൂടി ഓർമ്മിക്കപ്പെടും. നഗരം, നഗരം, മഹാസാഗരം.., മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ.., കന്നിനിലാവിൻ കളഭകിണ്ണം.., (നഗരമേ നന്ദി) പാവം മാനവ ഹൃദയം, രാവുപോയതറിയാതെ.., ശ്രാന്തമംബരം.., നീരദലതാഗൃഹം.. (അഭയം) കടവത്തുതോണിയടുത്തപ്പോൾ പെണ്ണിന്റെ.. കരയുന്നോ പുഴ ചിരിക്കുന്നോ, (മുറപ്പെണ്ണ്), മാനത്തെക്കായലിൽ.., കരിമുകിൽ കാട്ടിലെ..,(കള്ളിച്ചെല്ലമ്മ) മാമലകൾക്കപ്പുറത്ത്.. അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തീർന്നു.. ഇതുമാത്രമിതുമാത്രമോർമ്മവേണം.. (നിണമണിഞ്ഞ കാല്പാടുകൾ) ദേവവാഹിനി തീരഭൂമിയിൽ.., പൊൻവെയിൽമണിക്കച്ച അഴിഞ്ഞുവീണു.. (നൃത്തശാല) കേളീനളിനം വിടരുമോ.. , സ്വപ്നാടനം ഞാൻ തുടരുന്നു.. യമുനേ നീയൊഴുകൂ.. (തുലാവർഷം) തുടങ്ങിയവ മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളാണ്.

സാഹിത്യത്തിലും സംഗീതത്തിലും ഉള്ള താല്പര്യത്തിനൊപ്പം ഒരു നിർമ്മാതാവ് എന്ന നിലയിൽ നടത്തിയ നിർണ്ണായകമായ തിരഞ്ഞെടുപ്പുകളാണ് ശോഭന പരമേശ്വരൻ നായരെ മലയാളസിനിമയിൽ ശ്രദ്ധേയനാക്കുന്നത്. ഒന്ന് വിവിധ കേരളീയസാമൂഹ്യാവസ്ഥകളെ പശ്ചാത്തലമാക്കുന്ന സാഹിത്യകൃതികൾ തിരഞ്ഞെടുത്തതിലൂടെ മലയാളസിനിമയുടെ പ്രമേയവൈവിധ്യത്തിൽ കൊണ്ടുവന്ന കുതിപ്പ്. അദ്ദേഹം നിർമ്മിച്ച നിണമണിഞ്ഞ കാല്പാടുകൾ എന്ന പാറപ്പുറത്തിന്റെ നോവലിലൂടേയാണ് ആദ്യമായി പട്ടാളക്കാരുടെ ജീവിതം മലയാളസിനിമയിൽ എത്തുന്നത്. മുറപ്പെണ്ണ് എന്ന ചിത്രം ഒരു നായർ കൂട്ടുകുടുംബത്തിനെ പശ്ചാത്തലമാക്കിയപ്പോൾ നഗരമേ നന്ദി നാഗരികജീവിതത്തിലേക്കാണ് ഇറങ്ങിച്ചെന്നത്. കള്ളിച്ചെല്ലമ്മ നാട്ടിൻപുറത്തെ തന്റേടിയായ ഒരു സ്ത്രീയെ അവതരിപ്പിച്ചപ്പോൾ, അമ്മുവിന്റെ ആട്ടിൻ കുട്ടി പ്രശസ്തമായ ഒരു കുട്ടികളുടെ കഥയെ കാവ്യാത്മകമായി അവതരിപ്പിച്ചു.

എം ടി വാസുദേവൻ നായരെപ്പോലെ ഒരാളെക്കൊണ്ടു തിരക്കഥയെഴുതിക്കുക എന്നത് അക്കാലത്തെ മലയാളസിനിമയിൽ അചിന്ത്യമായ ഒരു കാര്യമായിരുന്നു. എം ആർ രാജന്റെ ചിത്രത്തിൽ മുറപ്പെണ്ണിന്റെ തിരക്കഥയുമായി നിർമ്മാതാക്കളെത്തേടി അലഞ്ഞ കഥ പരമേശ്വരൻ നായർ വിവരിക്കുന്നുണ്ട്. അതിൽ ഒരു നിർമ്മാതാവ് തിരക്കഥ വായിച്ചിട്ട് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്: ‘ഈ കഥയിൽ ഒന്നും സംഭവിക്കുന്നില്ല, ഒരു നല്ല സിനിമയ്ക്കു വേണ്ട പലതും അതിലില്ല, അതുകൊണ്ട് മാറ്റിയെഴുതണം. മറ്റൊരു കാര്യം അതിലെ സംഭാഷണങ്ങളാണ് അതിലുപയോഗിച്ചിട്ടുള്ള വള്ളുവനാടൻ ഭാഷ മറ്റു മലയാളികൾക്കു മനസിലാവില്ല, അതുകൊണ്ട് അതൊന്നു മുതുകുളം രാഘവൻ പിള്ളയെക്കൊണ്ടൊ മറ്റോ തിരുത്തിയെഴുതിക്കണം‘. ഈ മുന്നറിയിപ്പിലുള്ള അന്നത്തെ വ്യവസ്ഥാപിത സിനിമയുടെ കാഴ്ചപ്പാടിനെ വകവെച്ചില്ല എന്നതാണ് ശോഭന പരമേശ്വരൻ നായരെ മലയാളസിനിമയിൽ വ്യത്യസ്തനാക്കുന്നത്. ഈ ചിത്രത്തെ എം ടി പിന്തിരിഞ്ഞുനോക്കുന്നത് ഇങ്ങിനെയാണ്: “ഇതുവരെ കാണാൻ കഴിയാത്ത കേരളത്തിന്റെ ഗ്രാമത്തനിമ, ഗ്രാമീണത, ഒരു ഗ്രാമസംസ്കാരത്തിന്റേതായ കുറേ കാര്യങ്ങൾ അതിൽ വന്നു.. ഞാനും അതിൽ മറ്റുള്ളവരോടോപ്പം ജോലിചെയ്തു എന്നു മാത്രം.. ആ സിനിമ പ്രേക്ഷകർ സ്വീകരിച്ചു. അതുണ്ടാക്കിയ ഒരു ഇമ്പാക്ട് എന്നു പറയുന്നത് കൃത്രിമത്വങ്ങളിൽ നിന്നൊക്കെ കഴിയുന്നത്ര അകന്ന്, കഴിയുന്നതും യഥാതഥമായ ജീവിതം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്”. പിന്നീടുവന്ന ദശകങ്ങൾ കണ്ട ഏറ്റവും തിരക്കേറിയ തിരക്കഥാകൃത്തിനെ തിരിച്ചറിയുക മാത്രമല്ല, ഭാരതപ്പുഴയുടെ പരിസരങ്ങൾ മലയാളസിനിമയിൽ ആദ്യമായി ലൊക്കേഷനാകുന്നതും ഈ സിനിമയിലൂടെയാണ്. ആ കഥ വായിച്ചപ്പോൾ മനസിൽ പതിഞ്ഞ ഒരു ദൃശ്യത്തിൽ നിന്നാണ് ഈ സിനിമയെടുക്കാനുള്ള തീരുമാനം ഉണ്ടാകുന്നത് എന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്: തിരസ്കൃതനായ കാമുകൻ അന്തിവെയിൽ വീണുതിളങ്ങുന്ന നിളാനദിയുടെ കരയിൽ നിൽക്കുന്ന ദൃശ്യമായിരുന്നു അത്, അതിനനുയോജ്യമായാണ് പി ഭാസ്കരൻ പാട്ടെഴുതുന്നതും, വിൻസന്റ് തന്റെ ക്യാമറ ചലിപ്പിക്കുന്നതും. പരമേശ്വരൻ നായരെപ്പോലെ കഥയോടും ഇത്തരം ചില ദൃശ്യഭാവങ്ങളോടുമുള്ള അഭിനിവേശമാണ് പിന്നീടുവന്ന മലയാളസിനിമയുടെ ഗതിനിർണ്ണയിച്ചത്.

അക്ഷരാർഥത്തിൽതന്നെ, മലയാളസിനിമയെ സ്വന്തം മണ്ണിൽ വേരുറപ്പിക്കുക എന്ന ദൌത്യമാണ് അവർ നിർവഹിച്ചത്. കഥയിലും പ്രമേയത്തിലും ഭാഷയിലും വേഷത്തിലും മാത്രമല്ല, ദൃശ്യപശ്ചാത്തലത്തിലും സാങ്കേതികവൈധഗ്ദ്യത്തിലും എല്ലാം അവരതിനു ശ്രമിച്ചു. ഒരു കാലഘട്ടത്തിന്റെ സംഘർഷങ്ങളേയും പ്രമേയങ്ങളെയും കണ്ടെത്തുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നതിനൊപ്പം മലയാളത്തിന്റേതായ ശീലും ശബ്ദവും സിനിമയ്ക്ക് നൽകി എന്നതാണ് ആ തലമുറയുടെ സംഭാവന, അതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഒരാളാണ് ശോഭന പരമേശ്വരൻ നായർ.

ചിത്രസൂചിക

നിണമണിഞ്ഞ കാല്പാടുകൾ (1963, എൻ എൻ പിഷാരടി)

മുറപ്പെണ്ണ് (1965, എ വിൻസന്റ്)

നഗരമേ നന്ദി (1967, എ വിൻസന്റ്)

കള്ളിച്ചെല്ലമ്മ (1969,പി ഭാസ്കരൻ)

അഭയം (1970രാമു കര്യാട്ട്)
നൃത്തശാല (1972, എ ബി രാജ്)

തുലാവർഷം (1976, എൻ ശങ്കരൻ നായർ)

പൂജക്കെടുക്കാത്ത പൂക്കൾ (1977, എൻ ശങ്കരൻ നായർ)

അമ്മുവിന്റെ ആട്ടിൻ കുട്ടി (1978, രാമു കര്യാട്ട്)

കൊച്ചുതെമ്മാടി (1985, എ വിൻസന്റ്)

No comments:

Post a Comment