Friday, June 3, 2011

ക്ലോഡ് ഷാബ്രോൾ


ക്ലോഡ് ഷാബ്രോൾ - ത്രില്ലറിന്റെ നവതരംഗം

സി എസ് വെങ്കിടേശ്വരൻ

“ I love murder” – Claude Chabrol

ഒരു ഫ്രഞ്ച് നവതരംഗ സംവിധായകൻ കൂടി വിടപറഞ്ഞു: ക്ലോഡ് ഷാബ്രോൾ. ഇക്കഴിഞ്ഞ ജനുവരിയിലാണ് മറ്റൊരു സംവിധായകനും ഷാബ്രോളിന്റെ അടുത്ത സുഹൃത്തായ എറിക് റോഹ്മർ വിട വാങ്ങിയത്.

ഫ്രഞ്ച് നവതരംഗം ഒരർത്ഥത്തിൽ സിനിമയുടെ തന്നെ യൌവനമാണ് എന്നു പറയാം. ചരിത്രപരമായി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള തികച്ചും ഫ്രഞ്ച് അഥവാ യൂറോപ്യൻ എന്നുവിളിക്കാവുന്ന ഒരു ‘റാഡിക്കൽ’ സന്ദർഭത്തിലാണ് അതിന്റെ തുടക്കമെങ്കിലും, അതുവരെയുണ്ടായിരുന്ന സിനിമയിൽനിന്നു വ്യത്യസ്തമായ ഒരു പുതിയ കാഴ്ച ആഗോളതലത്തിൽ തന്നെ നവതരംഗം കൊണ്ടുവരാൻ കഴിഞ്ഞു. പുതിയ മൊണ്ടാഷ്, മീസ് എൻ സൈൻ സങ്കേതങ്ങളിലൂടെ സാങ്കേതികതലത്തിൽ ദൃശ്യങ്ങളുടെ ഉപരിതലത്തിൽ തന്നെ അനുഭവവേദ്യമായ ഒരുതരം പുത്തൻ ലഹരിയും, രാഷ്ട്രീയപരമായ ഇടം ചായ്‌വുള്ള കലാ/കലാപബോധവുമായിരുന്നു അതിന്റെ ചാലകശക്തികൾ - ഒരുപക്ഷെ ‘ചെ’ എന്ന വിപ്ലവത്തിന്റെ നിത്യഹരിതബിംബത്തെ പോലെ ഫ്രഞ്ച് നവതരംഗത്തെയും സിനിമയുടെ നിത്യഹരിത സാന്നിദ്ധ്യമാക്കുന്നത് ഈയൊരു ഊർജ്ജ-പശ്ചാത്തലമായിരിക്കണം. മറ്റൊന്ന്, ഇറ്റാലിയൻ നിയോറിയലിസത്തെ പോലെ ലോകമെമ്പാടും അതിനുണ്ടായ സ്വാധീനമോ ആകർഷണമോ ആണ്. ഒരർഥത്തിൽ നവതരംഗത്തിനുശേഷം സിനിമയിലെ യൂറോപ്യൻ അദ്ധ്യായം അവസാനിച്ചു എന്നും പറയാവുന്നതാണ് ( ‘ഡോഗ്മെ’ പോലെ പിന്നീടുണ്ടായ ചെറിയ ഇളക്കങ്ങളൊഴിച്ചാൽ). ലോകസിനിമയുടെ കേന്ദ്രങ്ങൾ അതിനുശേഷം ലാറ്റിൻ അമേരിക്കയിലെക്കും, പിന്നീട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഇറാനും എന്നിവിടങ്ങളിലേക്കായി നീങ്ങിക്കൊണ്ടിരുന്നു

ഷാബ്രോൾ മറ്റു നവതരംഗസംവിധായകരെപ്പോലെതന്നെ – ഗൊദാർദ്, ത്രൂഫോ, റിവറ്റ്, റോമർ, റെനെ - തന്റെ സിനിമാജീവിതം തുടങ്ങുന്നത് സിനിമാനിരൂപണ രംഗത്തുനിന്നാണ്. കഹേ ദു സിനിമാ ആയിരുന്നു അവരുടെ കളം. ലോകത്തെമ്പാടും നിന്നുള്ള സിനിമകൾ ശേഖരിച്ചു പ്രദർശിപ്പിച്ച ഹെന്രി ലാംഗ്ലോയും, സിനിമാദാർശനികനായ ആന്ദ്രേ ബസീനുമായിരുന്നു ആയിരുന്നു അവരുടെ തലതൊട്ടപ്പന്മാർ. യുദ്ധകാലത്തെ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം യൂറോപ്പിലേക്കു കടന്നുവന്ന അമേരിക്കൻ ചിത്രങ്ങളോടായിരുന്നു അവർക്ക് കമ്പം. മുഷിഞ്ഞുനാറിയ യൂറോപ്യൻ സിനിമാശൈലികളോടുള്ള അവരുടെ പുച്ഛം അമേരിക്കൻ സിനിമയോടുള്ള അവരുടെ ആദരവുമായി മാത്രമേ തുലനം ചെയ്യാനാവൂ. ഫ്രിറ്റ്സ് ലാങ്, ഹിച്ച് കോക്ക് തുടങ്ങിയവരായിരുന്നു ഷാബ്രോളിനെ ഏറ്റവുമാഴത്തിൽ സ്വാധീനിച്ച സംവിധായകർ. 1957-ൽ എറിക് റോഹ്മറുമായി ചേർന്ന് ഷാബ്രോൾ തങ്ങളുടെ ഇഷ്ടസംവിധായകനായ ഹിച്ച് കോക്കിനെ കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുമുണ്ട്. പീറ്റർ ബ്രാഡ്ഷായുടെ അഭിപ്രായത്തിൽ “..it was Chabrol who made the cult of Hitchcock a touchstone in his own work, producing suspense thrillers that scrutinised French middle-class hypocrisy and vanity with a microscopic realism arguably exceeding anything the Master himself ever managed.“

1958 ലാണ് ഷാബ്രോളിന്റെ ആദ്യചിത്രം – La beau Serge – പുറത്തിറങ്ങുന്നത് എങ്കിലും അതിനുമുമ്പു തന്നെ ഷാബ്രോൾ തന്റെ നവതരംഗ സുഹൃത്തുക്കളുടെ ചിത്രങ്ങൾ നിർമ്മിച്ചുകൊണ്ട് അതിനുള്ള പശ്ചാത്തലമൊരുക്കിയിരുന്നു. സ്വന്തം ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരവസരത്തിന്നായി കാത്തിരുന്ന കഹേ ദു സിനിമാ സംഘത്തിനിടയിൽ ആദ്യമായി അതു യാഥാർഥ്യമാക്കുന്നത് ഷാബ്രോൾ ആണ്. റിവറ്റിന്റെ Le coup des berger (1956), എറിക് റോഹ്മറുടെ Veronique et son cancre, Le Signed u Lion, ഫിലിപ്പ് ബ്രോകയുടെ Paris nous appartient എന്നീ ചിത്രങ്ങൾ നിർമ്മിച്ചതിനുശേഷമാണ് ഷാബ്രോൾ സ്വന്തം ചിത്രത്തിലേക്കു കടന്നത്. ഗൊദാർദിന്റെ ആദ്യചിത്രത്തിന്റെ മുഖ്യസംഘാടകനും ഷാബ്രോളായിരുന്നു.

‘സുന്ദരനായ സെർജ്‘ എന്ന ആദ്യചിത്രം ഫ്രാൻസിലെ ഒരു ഉൾപ്രവിശ്യയിലെ ജീവിതങ്ങളുടെ സാമൂഹികവും സാമ്പത്തികവും നിശ്ചലതയെയും അതിന്റെ വൈകാരികവും മാനുഷികവുമായ മാനങ്ങളെയും കുറിച്ചുള്ള ഒന്നാണ്. രണ്ടു ബാല്യകാലസുഹൃത്തുക്കളെ കുറിച്ചാണ് കഥ. അവരിലൊരാൾ (സെർജ്) അവിടെത്തന്നെ തുടരുന്നു, മറ്റൊരാൾ (ഫ്രാൻസ്വാ) അവിടം വിട്ട് പാരീസിലേക്ക് ഉപരിപഠനത്തിന്നായി പോകുന്നു. കുറേക്കാലത്തിനു ശേഷം ഫ്രാൻസ്വാ അവിടേക്ക് തിരിച്ചുവരുന്നതും ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും അതുക്രമേണ ഹിംസാത്മകമായ തലങ്ങളിലേക്ക് നീങ്ങുന്നതുമാണ് പ്രമേയം. ഇരുണ്ടതും അടക്കിപ്പിടിച്ച ക്രോധവും നിരാശയും ലൈംഗികതയും ഹിംസയും എന്നാൽ പ്രതീക്ഷയെക്കുറിക്കുന്ന അപൂർവ്വം മാനുഷികസാന്നിദ്ധ്യങ്ങളും ഇവിടെ കാണാം. വളരെ മിനിമലിസ്റ്റ് ആയ രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ ചിത്രത്തിനു ലൊക്കാർണോ ചലച്ചിത്രമേളയിൽ പുരസ്ക്കാരം ലഭിച്ചു എന്നത് ചെറിയ സിനിമകൾക്കും നവാഗതർക്കും മുമ്പിൽ പുതിയ പ്രതീക്ഷകളും, നവതരംഗസംഘത്തിനു തന്നെ വലിയ ആത്മവിശ്വാസവും പകർന്ന ഒരു സന്ദർഭം കൂടിയായിരുന്നു.

പിന്നീടുള്ള ആറു പതിറ്റാണ്ടുകൾക്കിടയിൽ ഏറ്റവുമധികം (ഏകദേശം 50-ഓളം) ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. എന്നാൽ ഗൊദാർദിന്റെയോ ത്രൂഫോയുടെയോ റോഹ്മറുടെയോ പാതയല്ല ഷാബ്രോൾ പിന്തുടർന്നത്. ഷാബ്രോളിന്റെ ചിത്രങ്ങളിൽ ആദ്യം മുതൽ അവസാനം വരെ ഒരുകൂട്ടം പ്രമേയങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുന്നതു കാണാം; അതുപോലെ ഒരുകൂട്ടം നടീനടന്മാരും അവയിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

‘ക്രൈം ത്രില്ലർ’ എന്ന ജനുസ്സിൽ പെടുന്നവയാണെങ്കിലും അതിന്റെ സാമ്പ്രദായികമായ രൂപഭാവങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ഷാബ്രോൾ തന്റെ ചിത്രങ്ങൾ ആവിഷ്ക്കരിച്ചത്. പോലീസും കള്ളനും കളിയും അതിലെ സാഹസികമായ പിന്തുടരലും മറ്റും പകരുന്ന ലഹരിയിലോ, ഒരു കൊലപാതകത്തിന്റെ രഹസ്യം വെളിപ്പെടുത്തൽ എന്നതിലെ ഹരത്തിലോ ഷാബ്രോൾ ചിത്രങ്ങൾക്ക് വലിയ താല്പര്യമില്ലായിരുന്നു. പിന്തുടരുന്നവനെക്കാളധികം പിന്തുടരപ്പെടുന്നവരുടെ കൂടെയാണ് ആഖ്യാനം സമയം ചിലവഴിക്കുക. ഹിച്ച് കോക്ക്, ഫ്രിറ്റ്സ് ലാങ് തുടങ്ങിയവർ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എങ്കിലും, രൂപപരമായ തലത്തിൽ ലാങ്ങിനോടായിരിക്കും ഷാബ്രോൾ സിനിമകൾക്ക് കൂടുതൽ അടുപ്പവും ആഭിമുഖ്യവും. ഒരു കൊലപാതകത്തിന്റെ ഉള്ളുകള്ളികളിലേക്ക് ക്രമേണ നീങ്ങുകയും അന്ത്യത്തിൽ കുടുംബം അഥവാ അധികാരവ്യവസ്ഥ എന്നീ സ്ഥാപനങ്ങളെ നിതാന്തവൽക്കരിക്കുകയും ചെയ്യുന്ന ഒരു സാമ്പ്രദായിക ആഖ്യാനരീതിയല്ല ഷാബ്രോൾ ചിത്രങ്ങളിൽ കാണുക. മറിച്ച് അവ കാര്യകാരണബന്ധങ്ങളെക്കാളധികം ബൂർഷ്വാകുടുംബത്തിന്റെ ഉപരിതലശാന്തതയ്ക്കപ്പുറം അവയ്ക്കകത്തുള്ള ഹിംസയെയും അക്രമത്തെയും അനാവരണം ചെയ്യുവാനാണ് ശ്രമിക്കുന്നത്. ഹിംസ ആ വ്യവസ്ഥയുടെ സ്വഭാവികമായ ഒരു അവസ്ഥയാണ്, അതുകൊണ്ടുതന്നെ സാമ്പ്രദായിക ക്രൈം ചിത്രങ്ങളെ പോലെ കൊലപാതകത്തിലെക്കു നയിക്കുന്ന ഒരു ‘മോട്ടീവ്’ തിരയുന്നതിലല്ല ഇവിടെയുള്ള ആഖ്യാന-ഉദ്വേഗം. നേരെമറിച്ച്, ഇവിടെ പലപ്പോഴും ചില കൊലപാതകങ്ങൾ നടത്തുന്നവർ കണ്ടെത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ പോലും ചെയ്യുന്നില്ല. പ്രമേയപരിചരണത്തിന്റെ കാര്യത്തിലുള്ള ഒരുതരം നിർമമത മൂലം തുറന്ന വൈകാരികമുഹൂർത്തങ്ങളെക്കാൾ, അവയുടെ അസാന്നിദ്ധ്യമാണ് നമ്മുടെ ശ്രദ്ധയാകർഷിക്കുക. തന്റെമുന്നിലുള്ള വിഷയത്തെ നിരീക്ഷിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷതയോടെയാണ് ഷാബ്രോൾ തന്റെ കഥാപാത്രങ്ങളെ സന്നിവേശിപ്പിക്കുന്നത്.

ആദ്യകാലചിത്രങ്ങളായ Les Cousins (1959), Les Bonnes Femmes (1960) and L'Oeil du Malin (1962) ന്നിവ യുവാക്കളെയും, ഗ്രാമവും നഗരവും തമ്മിലുള്ള വൈജാത്യങ്ങളെയും കേന്ദ്രീകരിച്ചുള്ളവയായിരുന്നു എങ്കിൽ, പിന്നീടുള്ളവ കുറെക്കൂടി മന:ശാസ്ത്രപരമായ പ്രമേയങ്ങൾ പിന്തുടരുന്നവയും മുഖ്യധാരാരീതികൾ പിൻ പറ്റുന്നവയുമായിരുന്നു. 1968-ൽ നിർമ്മിച്ച Les Biches ഒരു പുതിയ ഗതിമാറ്റത്തിന്റെ തുടക്കമായിരുന്നു. അതിലഭിനയിച്ച സ്റ്റെഫാൻ ആഡ്രൻ എന്ന നടി (പിന്നീടവർ 1964 മുതൽ 1980 വരെ ഷാബ്രോളിന്റെ ഭാര്യയുമായിരുന്നു) ഷാബ്രോൾ സിനിമകളിലെ നിരന്തരസാന്നിദ്ധ്യമായിരുന്നു.

ബൂർഷ്വാസമൂഹത്തിന്റെ ആന്തരികമായ അപചയം വ്യക്തികളിലും അവർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങിനെ പ്രത്യക്ഷമാകുന്നു എന്നത് ആ‍വർത്തിക്കുന്ന ചില പ്രമേയങ്ങളിലൂടെയും ചാർൾസ്, പോൾ, ഹെലെൻ തുടങ്ങിയ പേരുകളുള്ള കഥാപാത്രങ്ങളിലൂടെയും ആഡ്രൻ , ഇസബെൽ ഹ്യൂപെർട്ട് (മാഡം ബോവറി, സെറിമണി) തുടങ്ങിയ അഭിനേതാക്കളിലൂടെയും അദ്ദേഹം അവസാനം വരെ ആവിഷ്ക്കരിച്ചുകൊണ്ടേയിരുന്നു. ഒരാൾ യുക്തിയെയും നിയന്ത്രണത്തെയും പ്രതിനിധീകരിക്കുമ്പോൾ മറ്റേയാൾ വൈകാരികതയുടെയും കാമത്തിന്റെയും പ്രതിനിധിയാണ്. സ്ത്രീ ഈ പുരുഷസാന്നിദ്ധ്യങ്ങൾക്കിടയിൽ വിവിധ ഭാവങ്ങളിൽ നിലകൊള്ളുന്നു.

ഒരേ കഥാപാത്രങ്ങൾ തന്നെ ചില ചിത്രങ്ങളിൽ ആവർത്തിച്ചുപ്രത്യക്ഷപ്പെടുന്നതു കാണാം. ഉദാ‍ഹരണത്തിന് ജസ്റ്റ് ബിഫോർ ദ നൈറ്റ്ഫാൾ (1971) എന്ന ചിത്രത്തിലെ ബൂർഷ്വാദമ്പതികൾ 1969-ലെ ദ അൺഫൈത്ത്ഫുൾ വൈഫ് എന്ന ചിത്രത്തിലുള്ളവർ തന്നെയാണ് (സ്റ്റെഫാൻ ആഡ്രൻ, മിഷേൽ ബൊക്കെ) ആദ്യചിത്രത്തിൽ ഭർത്താവായ ചാർൾസ് തന്റെ ഭാര്യയുടെ കാമുകനെയാണ് കൊലപ്പെടുത്തുന്നത് എങ്കിൽ, രണ്ടാമത്തേതിൽ അയാൾ കൊല്ലുന്നത് അയാളുടെ തന്നെ കാമുകിയെയാണ്. എന്നാൽ ആദ്യകൊലപാതകത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ അയാളെ കുറ്റബോധം പിന്തുടരുന്നു. പലപ്പോഴും കുട്ടികളാണ് മുതിർന്നവരുടെ ഹിംസാത്മകതയുടെ വിരുദ്ധബിന്ദുവായി നിലകൊള്ളുന്നത്. ഷാബ്രോളിന്റെ അഭിപ്രായത്തിൽ ബൂർഷ്വാസിക്ക് അറിയാവുന്ന സ്നേഹത്തിന്റെ ഒരൊറ്റതലം സ്വന്തം കുട്ടികളോടുള്ളതു മാത്രമാണ്, അവിടെ ബാക്കിയുള്ളതെല്ലാം അവനവനെമാത്രം കേന്ദ്രികരിച്ചുള്ളതാണ്

ഷാബ്രോൾ സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ അങ്ങേയറ്റം വൈവിധ്യമാർന്ന ജീവിതങ്ങൾ നയിക്കുന്നവരാണ്; ആദ്യ സിനിമയിലെ തന്നെയുള്ള രണ്ടു സ്ത്രീകഥാപാത്രങ്ങൾ - സെർജിന്റെ ഭാര്യയും അവരുടെ സഹോദരിയും – പിന്നീടുള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീസാന്നിദ്ധ്യങ്ങളുടെ വൈവിധ്യങ്ങളുടെ സൂചനകൂടിയാണ്. അതിലെ ഒരു ഭാവം സഹനവും മാതൃത്വവുമാണെങ്കിൽ മറ്റേത് ചപലവും കാമോദ്ദീപകവുമാണ്. പിന്നീടുള്ള ചിത്രങ്ങളിലെ സ്ത്രീകൾ മാഡം ബോവറിയിലെ ദുരന്തനായിക തുടങ്ങി വികാരരഹിതമായ രീതിയിൽ അവർക്ക് ജോലി നൽകിയ കുടുംബത്തെ കൊന്നൊടുക്കുന്ന ഇസബെൽ ഹ്യൂപെർട്ടും സാന്ദ്രേ ബൊന്യേയും അവതരിപ്പിക്കുന്ന സെറിമണിയിലെ കഥാപാത്രങ്ങൾ വരെ നീളുന്ന ഒന്നാണ്. അവർ പല കാരണങ്ങൾ കൊണ്ടും ഹിംസയിലെക്ക് നയിക്കപ്പെടുന്നതുകാണാം. 2003-ൽ നിർമ്മിച്ച തിന്മയുടെ പൂക്കൾ എന്ന ചിത്രത്തിൽ പുറമെനിന്നു വളരെ സന്തുഷ്ടം എന്നുതോന്നിപ്പിക്കുമെങ്കിലും, ആ ബൂർഷ്വാകുടുംബത്തിന്റെ ചരിത്രത്തിൽ നിന്ന് നമ്മൾ മനസിലാക്കുന്നത് ഹിംസ (അധികാരാസക്തിയും) എത്ര അതിന് അടിസ്ഥാനപരവും സ്വാഭാവികവുമാണ് എന്നതാണ്. അവസാനം, തന്റെ മകളുടെ സ്ഥാനത്തുള്ള പെൺകുട്ടിയെ ആക്രമിക്കുന്ന ഗൃഹനായകനായ ജെറാർഡ് അവളുടെ കൈകൾ കൊണ്ടുതന്നെയാണ് കൊല്ലപ്പെടുന്നത്, എങ്കിലും ആ കുറ്റം അവളുടെ വൃദ്ധയായ മുത്തശ്ശി യാതൊരു മടിയും കൂടാതെ ഏറ്റെടുക്കുന്നുണ്ട് എന്നത് ഒരേ സമയം ഹിംസയുടെ സ്വാഭാവികതയെയും ആ സാഹചര്യത്തിലും മനുഷ്യനിൽ നിലനിൽക്കുന്ന മാനുഷികതയേയും സൂചിപ്പിക്കുന്നുണ്ട്.

ഷാബ്രോൾ ഏറ്റവുമൊടുവിൽ നിർമ്മിച്ച ചിത്രവും – ഇൻസ്പെക്ടർ ബെലാമി - ഒരു കുറ്റാന്വേഷണ ചിത്രം തന്നെയായിരുന്നു. ഇവിടെയും ഷാബ്രോൾ തന്റെ പ്രിയപ്പെട്ട പ്രമേയങ്ങൾ - അക്രമവാസന, അടിച്ചമർത്തപ്പെട്ട അഭിലാഷങ്ങൾ, നൈതികതയെസംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ - പിന്തുടരുന്നുണ്ട്. ഒരുപക്ഷെ ആത്യന്തികമായി നവതരംഗത്തിന്റെ തന്നെ ഒരു സവിശേഷതയാണ് ഇത് എന്നു തോന്നുന്നു. ഗൊദാർദ്, ത്രൂഫോ, റോഹ്മർ, എന്നിവരെല്ലാം തന്നെ അവരുടേതായ സവിശേഷരീതികളിൽ ചില പ്രശ്നങ്ങളിലേക്കും പ്രമേയങ്ങളിലേക്കും ഉദ്വിഗ്നതകളിലേക്കും നിരന്തരം തിരിച്ചുവരികയും വിസ്തരിച്ചുകൊണ്ടിരിക്കുന്നതും കാണാം – ജീവിതാന്ത്യം വരെ നമ്മെ പിന്തുടരുന്ന യൌവനത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലെ.

ഷാബ്രോളിന്റെ സിനിമാസപര്യയുടെ വികാസത്തെ കുറിച്ച് Molly Haskel പറയുന്നത് അത് പലരീതിയിലും – പ്രമേയ-ഈണങ്ങൾ, ആവർത്തനം, വർത്തുളത എന്നിങ്ങനെ പലതുമാകാം - സംഗീതത്തോട് അടുത്തുനിൽക്കുന്നു എന്നാണ്: “The formal concerns of the early filmshave become the substance of the later ones, with an accompanying loss of interest in character exploration and psychological development.. Theme and plot would be better defined as motifs and movements, forming a kind of symphonic structure which makes (the films) closer to music than movies”

ഫ്രഞ്ച് സിനിമാസംവിധായകരുടെ സംഘടന ഷാബ്രോളിന്റെ മരണത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: “ഓരോ ചലച്ചിത്രകാരൻ മരിക്കുമ്പോഴും ലോകത്തെ കുറിച്ചുള്ള ഒരു വൈയക്തികമായ കാഴ്ച്ചയും, നമ്മുടെ മാനുഷികതയെക്കുറിച്ചുള്ള ഒരു സവിശേഷമായ പ്രകാശനവും എന്നന്നേക്കുമായി പൊലിയുന്നു”

No comments:

Post a Comment