Tuesday, July 12, 2011

chidananda dasgupts-chintha ravi




ചിദാനന്ദ-ചിന്ത: ചിദാനന്ദ ദാസ്ഗുപ്ത-രവീന്ദ്രൻ

സി എസ് വെങ്കിടേശ്വരൻ



“The cinema provides an interpretation of the environment, however crude, as well as an escape from it

Chidananda Dasgupta



“സിനിമയുടേ ഫോം തന്നെ ഒരു ഫാസിസ്റ്റ് സാധനമാണ്. അത് നിലനിൽക്കുന്ന മൂല്യങ്ങളെ നിരന്തരം സ്ഥാപിക്കുന്നതും ഉദാത്തവൽക്കരിക്കുന്നതുമായ ഒന്നാണ്.”


രവീന്ദ്രൻ


കഴിഞ്ഞ കുറച്ചുദിവസത്തിനിടയിൽ ഇന്ത്യൻ സിനിമാനിരൂപണരംഗത്തിന് രണ്ടു പ്രതിഭകളെ നഷ്ടപ്പെട്ടു: ചിദാനന്ദ ദാസ്ഗുപ്ത (1921-2011) രവീന്ദ്രൻ (1945-2011) എന്ന ‘ചിന്ത‘രവി. ഈ രണ്ടുപേരും തമ്മിൽ വയസ്സിലും കാലത്തിലും രണ്ടു പതിറ്റാണ്ടിൽക്കൂടുതൽ വിടവുണ്ടെങ്കിലും അവരുടെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ഒട്ടേറെ സമാനതകളുണ്ട്.

ആദ്യത്തെ സമാനത രണ്ടുപേരും ചലച്ചിത്രനിരൂപകരും ഒപ്പം ചലച്ചിത്രസംവിധായകരുമായിരുന്നു എന്നതാണ്. രണ്ടു പേരും സിനിമയെക്കുറിച്ച് എഴുതുകയും, പിന്നീട് സിനിമകൾ നിർമ്മിക്കുകയും ചെയ്തു (വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ രണ്ടു പേരും സംവിധാനം ചെയ്തുള്ളുതാനും) മറ്റൊരു സമാനത, എഴുത്തുകാരും സംവിധായകരും ആയിരിക്കുമ്പോൾ തന്നെ രണ്ടുപേരും സമാന്തരസിനിമാപ്രസ്ഥാനങ്ങളുമായി ആജീവാനാന്തം സജീവബന്ധം പുലർത്തി എന്നുള്ളതാണ്. ചിദാനന്ദ ദാസ്ഗുപ്ത ബംഗാളിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയുടെ (19470ൽ) സ്ഥാപകാംഗവും, പിന്നീട് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പ്രവർത്തകനുമായിരുന്നു. രവീന്ദ്രൻ എല്ലാക്കാലത്തും കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ സഹയാത്രികനായിരുന്നു എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ മുഖ്യമായും പ്രദർശിപ്പിക്കപ്പെട്ടത്, ഫിലിം സൊസൈറ്റികളിലൂടെ ആയിരുന്നുതാനും. മറ്റൊന്ന് ദാസ് ഗുപ്ത വളരെക്കാലം സ്പാൻ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിരുന്നു എങ്കിൽ രവി, ഏറെക്കാലം ചിന്ത എന്ന പ്രസിദ്ധീകരണത്തിൽ സജീവമായിരുന്നു എന്നതാണ്. രണ്ടു പേർക്കും സിനിമാരംഗത്തിനുപുറത്തുള്ള ഒരു അധികമാനവും ഉണ്ടായിരുന്നു: ദാസ് ഗുപ്ത പ്രശസ്തനായ വിവർത്തകൻ കൂടിയായിരുന്നു (അദ്ദേഹത്തിന്റെ ജീബനാനന്ദ ദാസ് കവിതകളുടെ വിവർത്തനം ശ്രദ്ധേയമായ ഒരു സംഭാവനയാണ്) രവീന്ദ്രന്റെ കാര്യത്തിലുള്ള ആ അധികമാനം അദ്ദേഹം ഒരു നിതാന്തസഞ്ചാരിയും മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സഞ്ചാരസാഹിത്യകാരനുമായിരുന്നു എന്നതായിരുന്നു

ഇതുപോലെതന്നെ അവരുടെ ചിന്തകളിലും എഴുത്തിലും ഇത്തരത്തിലുള്ള സമാനതകൾ കാണാം. രണ്ടു പേരും അവരുടേതായ നിലപാടുകളിൽ നിന്നുകൊണ്ട് താത്വികമായ ചട്ടക്കൂടുകൾ വികസിപ്പിക്കുകയും, അതിലൂടെ പരികല്പനാപരമായ വ്യക്തത കൈവരിക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്തു. ദാസ്ഗുപ്ത വിദ്യാർത്ഥി ആയിരിക്കുമ്പോൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും പിന്നീട് ലിബറൽ ജനാധിപത്യ മൂല്യങ്ങൾ തന്റെ ജീവിതത്തിലും എഴുത്തിലും പുലർത്തുകയും ചെയ്ത ഒരു വ്യക്തിത്വമാണ്. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ വിധിപരിണാമങ്ങളെയും, ഭാഗധേയങ്ങളെയും അദ്ദേഹം തന്റെ എഴുത്തിൽ പിന്തുടരുകയും, വിമർശനത്തിന്റെ പശ്ചാത്തലമായി പരിഗണിക്കുകയും ചെയ്തു. ഉദാഹരണത്തിന് സത്യജിത് റേയുടെ സിനിമാസപര്യയെ അദ്ദേഹം കാണുന്നത് ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ചരിത്രം കൂടിയായിട്ടാണ്; ഇന്ത്യൻ സമാന്തര/ നവതരംഗ സിനിമയെ (അദ്ദേഹത്തിന്റെ ഭാഷയിൽ ‘അൺപോപുലർ’ സിനിമ) അദ്ദേഹം പരിഗണിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വളർന്നുവന്ന സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ സമകാലിക ധാരകളിലൊന്നായിട്ടാണ്.

സ്വാതന്ത്ര്യാനന്തരതലമുറയിൽപെട്ട (Midnight’s Children) ഒരാൾ എന്ന നിലയിൽ രവീന്ദ്രന്റെ മുൻഗണനകൾ തികച്ചും വ്യത്യസ്തമായിരുന്നു എങ്കിലും അവയുടെ ഉദ്വിഗ്നതകളിൽ അവർക്ക് ഏറെ സമാനതകളുണ്ടായിരുന്നു. രവീന്ദ്രൻ ഒരു പത്രപ്രവർത്തകനായാണ് തന്റെ പൊതുജീവിതം തുടങ്ങിയത്. ക്രമേണ തന്റെ എഴുത്ത് കൂടുതലും ചിത്രകല, സിനിമ തുടങ്ങിയവയെക്കുറിച്ചുള്ള വിഷയങ്ങളിൽ കേന്ദ്രീകരിക്കുകയും, അതോടൊപ്പംതന്നെ ധാരാളം യാത്രാവിവരണങ്ങൾ എഴുതുകയും ചെയ്തു. അതിനുശേഷം രവി സിനിമാ സംവിധാനത്തിലേക്കും തൊണ്ണൂറുകളോടെ ടെലിവിഷൻ നിർമ്മാണത്തിലേക്കും കടന്നു. കലാപ്രവർത്തനം രവിക്ക് സാംസ്ക്കാരിക രാഷ്ട്രീയപ്രവർത്തനം തന്നെയായിരുന്നു. തന്റെ നിരൂപണങ്ങളിൽ അദ്ദേഹം കലാരചനകളെ അതിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ വിശകലനങ്ങൾക്കു വിധേയമാക്കിക്കൊണ്ട് അവയിലൂടെ പ്രവർത്തനക്ഷമമാകുന്ന പ്രത്യയശാസ്ത്രവിവക്ഷകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ദാസ്ഗുപ്ത രാഷ്ട്രത്തെയും ഇന്ത്യൻ സ്വത്വത്തെയും അന്വേഷിച്ചപ്പോൾ, രവീന്ദ്രൻ തനിക്കുചുറ്റുമുള്ള ഭാവുകത്വപരിണാമങ്ങളെ വർഗ്ഗപരമായ കാഴ്ചപ്പാടിലൂടെ ആഗോളവൽക്കരിച്ചു. കച്ചവട-മുഖ്യധാ‍രയെ വിമർശിക്കുമ്പോൾതന്നെ അവർ രണ്ടു പേരും ജീവിതകാലം മുഴുവൻ സമാന്തരധാരകൾക്കും ബദലുകൾക്കും പരീക്ഷണങ്ങൾക്കും വേണ്ടി നിലകൊണ്ടു, പോരാടി. അവരുടെ സിനിമകളിലൂടെ സമാന്തരപ്രകാശനങ്ങൾ തേടി, ചുറ്റും നടക്കുന്ന ഭാവുകത്വപരമായ കുതറലുകളെയും കുതിപ്പുകളെയും കുറിച്ച് എഴുതി.

രവി സ്വാതന്ത്ര്യാനന്തരകേരളത്തിൽ നടന്ന രാഷ്ട്രീയവും സർഗ്ഗത്മകവുമായ എല്ലാ പ്രസ്ഥാനങ്ങളിലും ഭാഗഭാക്കായിരുന്നു; മാർക്സിയൻ ദർശനവും/രാഷ്ട്രീയപ്രയോഗവും കലയോടുള്ള സമീപനങ്ങളും നേരിട്ട എല്ലാ സംഘർഷങ്ങളിലൂടെയും രവിയുടെ എഴുത്തും സഞ്ചരിച്ചുകൊണ്ടിരുന്നു. സാമ്പ്രദായികമായ മാർക്സിസ്റ്റ് ലാവണ്യചിന്തയുടെ പരിമിതികളെ തീവ്രമായ രീതിയിൽ തിരിച്ചറിയുകയും, ഗ്രാംചിയെ പോലുള്ള ചിന്തകരെ മലയാളത്തിനു പരിചയപ്പെടുത്തുകയും ചെയ്തു; രവീന്ദ്രൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളും (ഹരിജൻ, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ഒരേ തൂവൽ പക്ഷികൾ) അരികുകളെക്കുറിച്ചും പ്രതിരോധത്തെയും കുറിച്ചുള്ളവയായിരുന്നു. രേഖീയമായ ആഖ്യാനങ്ങൾ എന്നതിലുപരി കണിശമായ സാമൂഹ്യവിമർശനങ്ങളായിരുന്നു അവ. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ‘ചലച്ചിത്ര പ്രബന്ധം’ എന്നായിരുന്നു. തന്റെ എഴുത്തിലും സിനിമയിലും മാത്രമല്ല രവീന്ദ്രന്റെ ഇടപെടലുകൾ. ഇന്നു നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ മലയാളത്തിൽ ഭാവുകത്വപരമായ ഒരു വിപ്ലവത്തിനു കളമൊരുക്കുക എന്നതുകൂടിയായിരുന്നു രവീന്ദ്രന്റെ സപര്യയുടെ ദീർഘകാല ഫലങ്ങളിലൊന്ന്. അതിനായി വിവിധകലാമണ്ഡലങ്ങളിൽ പുതിയ കലാസൃഷ്ടികളും കലാകാരന്മാരും കൂട്ടായ്മകളും രവി അന്വേഷിച്ചു, കണ്ടെത്തി. കലാരംഗത്ത് നിലനിന്നിരുന്ന ജാഢ്യത്തിനെതിരെ റാഡിക്കൽ കലാകാരന്മാരെയും ശില്പികളെയും അണിനിരത്തുകയും പരിചയപ്പെടുത്തുകയും ചെയ്തു. മലയാളത്തിൽ ജനപ്രിയസംസ്ക്കാരത്തെക്കുറിച്ചുനടത്തിയ വിമർശനപാഠങ്ങളിലൂടെ സംസ്ക്കാരപഠനം എന്ന ശാഖതന്നെ രവിയാണ് മലയാളത്തിന് പരിചയപ്പെടുത്തിയതും, നവീനങ്ങളായ അനവധി പരികല്പനകൾക്ക് തദ്ദേശീയമായ ഒരു പദാവലി തന്നെ വികസിപ്പിച്ചെടുക്കാനുള്ള തുടക്കം കുറിച്ചതും. ലേഖനമായാലും കമന്ററിയായാലും രവിയുടെ ഭാഷയ്ക്ക് അസൂയാവഹമായ തെളിമയും നേർമ്മയും ഉണ്ടായിരുന്നു; വളരെ ഗഹനവും ക്ലിഷ്ടവുമായ പരികല്പനകളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും വാക്കുകളുടെയും പ്രയോഗങ്ങളുടേയും കാര്യത്തിൽ രവിയ്ക്ക് തികച്ചും തനതായ ഒരു വഴക്കമുണ്ടായിരുന്നു. ഉദാഹരണത്തിന് ‘സിനിമയും പ്രത്യയശാസ്ത്രവും’ എന്ന ലേഖനത്തിന്റെ തുടക്കത്തിലുള്ള ഈ ഖണ്ഡിക ശ്രദ്ധിക്കുക: “രാവന്തിയോളം അദ്ധ്വാനിച്ചു തളരുന്ന ബഹുഭൂരിപക്ഷം ജനതയ്ക്ക് ഉല്ലാസത്തിന്റേയും വിനോദത്തിന്റേയും ഒരു ഇടവേള നൽകി നിത്യജീവിതത്തിന്റെ അല്ലലുകളിൽനിന്ന് അല്പനേരത്തേക്കെങ്കിലും അവരെ മോചിപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്നും പ്രബോധനങ്ങളിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും സിനിമക്കാർ ആവർത്തിച്ചുപറയും. അങ്ങനെ കേൾക്കുമ്പോൾ ഉദാരവും നിഷ്ക്കളങ്കവുമായ ഒരു കർമ്മമാണ് അവരുടേത്. പ്രകടമായും വിവാദപരങ്ങളാണെങ്കിൽ പോലും ചില പ്രസ്താവങ്ങൾ ആവർത്തനങ്ങളാൽ അശ്രദ്ധമാക്കപ്പെട്ട് വീണ്ടുവിചാരങ്ങളിൽനിന്ന് ഒഴിവാക്കപ്പെടാറുണ്ട്. അവ ഒരിക്കലും വിവാദത്തിന്റെ മേഖലകളിൽ പ്രവേശിക്കാറില്ല.ഗൌരവമായ ചർച്ചകളെ ഇങ്ങനെ സമർഥമായി മറികടന്ന് പൊതുധാരണകളിൽ അവ സൌമ്യമായി ഇരുത്തം കൊള്ളുന്നു.” സഞ്ചാരസാഹിത്യത്തിലും ടെലിവിഷൻ യാത്രയിലും (എന്റെ കേരളം, ഏഷ്യാനെറ്റ്) രവീന്ദ്രന് സമീപനത്തിന്റെ സവിശേഷതകൊണ്ട് തന്റെ യാത്രാനുഭവത്തെ വായനക്കാരുടെ/കാണിയുടെ വ്യക്തിപരമായ ഒരനുഭവമാക്കാനുള്ള സിദ്ധിയുണ്ടായിരുന്നു. പുറത്തുനിന്നുള്ള ‘വിവര‘ണങ്ങളായിരുന്നില്ല അവ; മറിച്ച് നമ്മളെക്കൂടി ആ അനുഭവലോകത്തിലേക്ക് അനായാസം ലയിപ്പിക്കുന്നവയായിരുന്നു, ഉദാഹരണമായി ഈ വാചകങ്ങൾ ശ്രദ്ധിക്കുക: “അപരിചിതങ്ങളായ പട്ടണങ്ങളിൽ ചെല്ലുമ്പോൾ പുലർച്ചെ ഒറ്റക്ക് നടക്കാനിറങ്ങുന്നത് എന്റെ പതിവാണ്. ഏതു പ്രദേശത്തിനും ഉണർവിന് തൊട്ടുമുമ്പുള്ള ഒരു ജീവനുണ്ട്. പാൽ വില്പനക്കാരും പത്രച്ചെറുക്കന്മാരും രാത്രികാവൽക്കാരും ആദ്യം തുറക്കുന്ന ചായക്കടകളും മറ്റും ഒരുമിച്ചു പങ്കിടുന്ന ഇതരമായ ഒരു ഉണർവ്വിന്റെ ചങ്ങാത്തം. തലച്ചുമടുമായി ഗ്രാമങ്ങളിൽനിന്നെത്തുന്ന ഇലക്കറികളുടെ ഉന്മേഷകരമായ ഗന്ധം” (വഴികൾ, വ്യക്തികൾ, ഓർമ്മകൾ) ഇവിടെ അതിസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സന്ദർഭത്തെ രവിയുടെ വാക്കുകൾ മായികവും ഒപ്പം ആർക്കും അനുഭവിക്കാവുന്നതുമായ ഒന്നാക്കിമാറ്റുന്നു.

ചിന്തരവി എക്കാലത്തും അധികാരസ്ഥാ(പ)നങ്ങളിൽനിന്നും അകലം പാലിച്ചു; തന്റെ വ്യക്തിപരവും കലാപരവുമായ സ്വാതന്ത്ര്യം എപ്പോഴും നിലനിർത്തി; അതേസമയം താൻ എക്കാലവും പുലർത്തിവന്ന മാർക്സിയൻ വിമോചനസ്വപ്നങ്ങൾ കൈവെടിയാതിരിക്കയും ചെയ്തു. മാധ്യമങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും മനുഷ്യരിലൂടെയും നിരന്തരം സഞ്ചരിച്ച രവി എന്നും എല്ലായിടത്തും ചങ്ങാത്തങ്ങളെ ആഘോഷിച്ചു; വ്യക്തിപരം എന്നതിനേക്കാൾ കൂട്ടായ പരിശ്രമത്തിലാണ് രവി സ്വന്തം സർഗ്ഗാത്മകതയുടെ വേരുകളും പ്രകാശനങ്ങളും തേടിയത്.

രണ്ടു പേർക്കും അവരുടെ കലാചരിത്രപഠനങ്ങളിൽ ചലച്ചിത്രപാഠസന്ദർഭങ്ങളെയും, പാഠങ്ങളുടെ വിശകലനങ്ങളിൽ ചരിത്രപശ്ചാത്തലങ്ങളെയും ഇഴചേർക്കാനുള്ള സിദ്ധിയുണ്ടായിരുന്നു. ചിദാനന്ദ ദാസ്ഗുപ്തയും രവീന്ദ്രനും രണ്ടു കാലഘട്ടങ്ങളെ, സമീപനങ്ങളെ, ലോകവീക്ഷണങ്ങളെ, സ്ഥലരാശികളെ, മനുഷ്യസങ്കല്പങ്ങളെ, സാംസ്ക്കാരികനിലപാടുകളെ അവരുടെ ജീവിതത്തിലൂടെയും കൃതികളിലൂടെയും പ്രതിനിധാനം ചെയ്തു എങ്കിലും ഈ രണ്ടു ധാരകളും ഇന്നും നമ്മുടെ ചിന്താലോകത്തെയും ലോകചിന്തകളെയും ആഴത്തിൽ സ്വാധീനിക്കുന്നവയാണ്; ഈ രണ്ടു ഊർജ്ജസ്രോതസ്സുകളുടെയും ആഴവും പരപ്പും തീവ്രതയും എന്നത്തേക്കാളധികം നമുക്കിന്ന് ആവശ്യവുമാണ്.


ചിദാനന്ദ ദാസ്ഗുപ്ത


Filmography

The Stuff of Steel 1969
The Dance of Shiva 1968
Portrait of a City 1961
Amodini 1994
Zaroorat ki purti 1979
Rakhto 1973
Billet Pherat 1972

Books

Seeing is believing 2008
The cinema of Satyajit Ray 2001
The Painted Face: Studies in India’s Popular Cinema 1991
Talking about films 1981
Unpopular cinema (Unpublished)

രവീന്ദ്രൻ

ചലച്ചിത്രങ്ങൾ

ഹരിജൻ
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ (1980)
ഒരേ തൂവൽ പക്ഷികൾ (1988)

പുസ്തകങ്ങൾ
അതിരാണിപ്പൂക്കൾ
എന്റെ യാത്രകൾ
അകലങ്ങളിലെ മനുഷ്യർ
ബുദ്ധപഥം
സ്വിസ്സ് സ്കെച്ചുകൾ
കാടിനെ നോക്കുമ്പോൾ ഇലകളെ കാണുന്നത്
മെഡിറ്റെറേനിയൻ വേനൽ
ആന്റോണിയോ ഗ്രാംചി
സിനിമയുടെ രാഷ്ട്രീയം
കലാവിമർശം: മാർക്സിസ്റ്റ് മാനദണ്ഡം
വഴികൾ, വ്യക്തികൾ, ഓർമ്മകൾ

No comments:

Post a Comment