Friday, June 3, 2011

apitchatpong weerasethakul


അപിചാറ്റ് പോംഗ് വീരസെതാകുൽ

സിനിമയിൽ ഇനിയും ‘പരീക്ഷണം’ സാധ്യമാണോ? തദ്ദേശീയവും പ്രാദേശികവും ദേശീയവും ആഗോളീയവുമായി പല അടരുകളിൽ ഇത്രയധികം ദൃശ്യാഖ്യാനങ്ങൾ നിരന്തരം നമ്മെ ചൂഴ്ന്നുനിൽക്കുമ്പോൾ ദൃശ്യകലയിൽ പ്രത്യേകിച്ചും സിനിമയിൽ ഇനിയും ‘പുതിയത്’ ‘അപ്രതീക്ഷിതം’ ‘പരീക്ഷണാത്മകം’ ‘സമാന്തരം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിൽ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ എന്ന ചോദ്യം പലപ്പോഴും ഉയർന്നുവരാറുണ്ട്. യൂറോകേന്ദ്രിതമായ ഒരു ആശങ്ക കൂടിയാണത്. നിയോറിയലിസവും നവതരംഗവും സൃഷ്ടിച്ച ആചാര്യന്മാരുടെ നിരയ്ക്കുശേഷം ലോകമെമ്പാടുമുള്ള ‘ചെറു’സിനിമകൾ രംഗം കയ്യടക്കിയതോടെ യൂറോപ്പ് ലോകസിനിമയുടെ ‘തല’സ്ഥാനമല്ലാതാവുകയും, അതുകൊണ്ടുതന്നെ ലോകസമ്മതിയുള്ള ആചാര്യന്മാർ ഇല്ലാതാവുകയും ചെയ്തു എന്നുപറയാം. പിന്നീട് സിനിമയുടെ ‘സംഭവസ്ഥലങ്ങൾ’ ഇറാനും തെക്കുകിഴക്കൻ രാജ്യങ്ങളും മെക്സിക്കോയും ഹോളിവുഡിനെ അമ്പരപ്പിക്കുന്ന ഹോങ്കോങ്ങും മറ്റുമായി ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും പ്രതീക്ഷിതമായ രീതിയിൽ ലോകസിനിമാപ്രേമികളെ ആകർഷിച്ചത് ഇറാനിയൻ സിനിമയാണെങ്കിൽ, തികച്ചും അപ്രതീക്ഷിതമായി കടന്നുവന്നത് ചെറുരാജ്യങ്ങളായ തൈവാൻ, തായ്ലാന്റ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങളാണ്. ഇറാനിയൻ സിനിമയ്ക്കു ലഭിച്ച ലോകപ്രശസ്തിക്കു പിന്നിൽ കിയറസ്റ്റോമി, മജീദ് മജീദി, മക്മൽബഫ് തുടങ്ങിയ പ്രതിഭാധനരുടെ സംഭാവനകൾക്കൊപ്പം തന്നെ ആഗോളീയമായ ഇസ്ലാമോഫോബിയയും, ഇസ്ലാം ലോകത്തിലേക്ക്, അതിന്റെ അകങ്ങളിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അബോധപ്രേരണയും ഉണ്ടായിരുന്നുവെങ്കിൽ ഈ ചെറുരാജ്യങ്ങളുടെ കാര്യമതായിരുന്നില്ല. ഇവയിൽ പലരാജ്യങ്ങളും യൂറോപ്യൻ കോളണികളായിരുന്നു എന്നത് ഒരു ആകർഷകഘടകമായിരിക്കാം. (ആഗോള കോപ്രൊഡ്ക്ഷനുകളുടെ പാറ്റേൺ ശ്രദ്ധിച്ചാൽ മുൻ കോളനിയും കോളനിയാക്കി ഭരിച്ച രാജ്യവുമായുള്ള ആകർഷണ-വികർഷണങ്ങളും കുറ്റബോധവും കലർന്ന ഒരു തരം കെട്ടിമറിച്ചിൽ അവയിൽ കാണാനാവും. മുൻ കോളണികളിൽ നിർമ്മിക്കപ്പെടുന്ന കോപ്രൊഡക്ഷനുകളിൽ ഭൂരിപക്ഷവും ഭരണം കയ്യാളിയിരുന്ന രാജ്യത്തിൽനിന്നാണെന്നും കാണാവുന്നതാണ് – അത്തരം ചിത്രങ്ങളുടെ പ്രമേയപരമായ തെരഞ്ഞെടുപ്പുകളിലും ഈ പാപബോധത്തിന്റെ നിഴലുകൾ കാണാം. ഒരുതലത്തിൽ സ്വയം സാധൂകരണത്തിന്റേയും ‘ചരിത്രപരമായ അനിവാര്യത/യാദൃശ്ചികത’യുടെയും നവആഖ്യാനങ്ങൾ സ്ഥാപിച്ചെടുക്കുവാനുമുള്ള ശ്രമങ്ങൾ പലതിലുമുണ്ട്.)

ഇവിടെനിന്നുവരുന്ന സമാന്തരചിത്രങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ ഒരു കോളനി എന്നതിലപ്പുറം ആഗോളീകരണത്തിനുശേഷമുള്ള അവിടുത്തെ സമകാലീന മനുഷ്യാവസ്ഥകളെക്കുറിച്ചുള്ളതാണ്. കൊറിയൻ ചിത്രങ്ങളാണ് ആദ്യമായി ഈ രീതിയിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയത്: ഇം ക്വോൺ ടേക്, കിം കി യങ് തുടങ്ങിയവർ പലപ്പോഴും കൊറിയൻ സംസ്ക്കാരത്തിന്റെ വിചിത്രമായ ആചാരങ്ങളെയും ലൈംഗികതയെയും പ്രമേയമാക്കിയപ്പോൾ അവർക്കു ശേഷം വന്ന തലമുറ - ഹോങ് സാങ്-സൂ, കിം കിഡുക്, ലീ ചാങ്-ഡോങ്, പാർക് ചാൻ-വൂക് തുടങ്ങിയവർ - സമകാലീനവും പ്രമേയപരമായി വൈവിധ്യം പുലർത്തുന്നതുമായ ചിത്രങ്ങളാണ് നിർമ്മിച്ചത്. മറ്റു ചെറുരാജ്യങ്ങളിൽനിന്നുള്ള – പ്രത്യേകിച്ചും തൈവാൻ, തായ് ലാന്റ്, തുടങ്ങിയ രാജ്യങ്ങളിൽനിന്ന് - സമാന്തരചിത്രങ്ങളുടെ പ്രത്യേകത അവ സിനിമ എന്ന മാധ്യമത്തിൽ - അതിന്റെ രൂപത്തിലും പരിചരണത്തിലും മറ്റും – പുലർത്തിയ പരീക്ഷണാത്മകതയാണ്. സായ് മിങ് ലിയാങിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ സൃഷ്ടികൾ വളരെ തീവ്രവും വ്യത്യസ്തവുമായ ഒരു ശൈലി വികസിപ്പിച്ചെടുത്തു.

അപിചാറ്റ് പോംഗ് വീരസെതാകുൽ എന്ന തായ്ലാന്റ് സംവിധായകന്റെ ശ്രമങ്ങളുടെ വ്യത്യസ്തത അവയുടെ മാധ്യമബോധമാണ്. ഒരു വീഡിയോ കലാകാരൻ കൂടിയാണ് വീരസെതാകുൽ എന്നതുകൂടിയാവണം ഒരുപക്ഷെ അതിനു കാരണം. ഒപ്പം തന്നെ വിദ്യാഭ്യാസത്തിലുള്ള വൈവിധ്യവും (മെഡിസിൻ, വാസ്തുകല, കല, സിനിമ..) വീരസെതാകുലിന്റെ www.kickthemachine.com എന്ന വെബ് സൈറ്റിൽ അദ്ദേഹത്തിന്റെ വിവിധ മാധ്യമങ്ങളിൽനിന്നുള്ള കലാശ്രമങ്ങൾ കാണാം.


No comments:

Post a Comment